കാസര്‍കോട് മലബാർ കോംപ്ലക്‌സിന് ഭൂമി അനുവദിച്ചു
വഖഫ് ഭൂമിക്ക് പകരം ഭൂമി നല്കാത്തത് മീഡിയവണ്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് സർക്കാർ നടപടി
കാസര്‍കോട്: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിൽ നിന്ന് സർക്കാർ ഏറ്റെടുത്ത വഖഫ് ഭൂമിക്ക് പകരം ഭൂമി അനുവദിച്ചു. ടാറ്റാ കൊവിഡ് ആശുപത്രിക്കായി ഏറ്റെടുത്ത ഭൂമിക്കാണ് പകരം നല്കിയത്. വഖഫ് ഭൂമിക്ക് പകരം ഭൂമി നല്കാത്തത് മീഡിയവണ്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് സർക്കാർ നടപടി.
ടാറ്റാ കോവിഡ് ആശുപത്രിക്കായി ചട്ടഞ്ചാലില്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ഉടമസ്ഥതയിലുള്ള 1.6695 ഹെക്ടർ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഏറ്റെടുത്ത വഖഫ് ഭൂമിയ്ക്ക് പകരം കാസര്‍കോട് താലൂക്കിലെ തെക്കില്‍ വില്ലേജിലെ ചട്ടഞ്ചാലിൽ എം ഐ സിയോട് ചേർന്ന ഭൂമി തന്നെയാണ് പതിച്ചുനൽകിയത്. വിട്ടുകൊടുത്ത ഭൂമിയുടെ മൂല്യത്തിന് സമാനമായ ഭൂമി തന്നെ പതിച്ച് നൽകാനാണ് തീരുമാനം. ഏറ്റെടുത്ത ഭൂമിക്ക് പകരം ഭൂമി പതിച്ചു നൽകാനുള്ള തീരുമാനം സന്തോഷകരമാണെന്ന് സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
പകരം ഭൂമി നല്‍കുമെന്ന വ്യവസ്ഥയിൽ 2020 ലാണ് ഭൂമി ഏറ്റെടുത്തത്. എന്നാൽ വർഷം കഴിഞ്ഞും പകരം ഭൂമി നൽകാതിരുന്നത് മീഡിയ വൺ വാർത്ത നൽകിയിരുന്നു. പകരം ഭൂമി ലഭിക്കാതായതോടെ എം എ സി വഖഫ് ബോർഡിനെയും സമീപിച്ചു. ജില്ലാ കലക്ടറും വഖഫ് ഉടമസ്ഥനായിരുന്ന സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായുണ്ടാക്കിയ കരാർ പ്രകാരമായിരുന്നു എം.ഐ.സി ഭൂമി സർക്കാറിന് കൈമാറിയത്.