പി.വി അൻവർ എം.എൽ.എയുടെ ഭൂമി കണ്ടുകെട്ടാമെന്ന് താമരശേരി താലൂക്ക് ലാൻഡ്‌ബോർഡ് റിപ്പോർട്ട്
15 ഏക്കറിന് മുകളിലുള്ള ഭൂമി ഏറ്റെടുക്കാമെന്നാണ് റിപ്പോർട്ട്
കോഴിക്കോട്: പി.വി അൻവർ എം.എൽ.എയുടെ ഭൂമി കണ്ടുകെട്ടാമെന്ന് താമരശേരി താലൂക്ക് ലാൻഡ്‌ബോർഡ് റിപ്പോർട്ട്. പി.വി അൻവർ പല സമയത്തായി വാങ്ങിയ ഭൂമി കൈവശംവെക്കാനുള്ള ഭൂ പരിധിക്ക് പുറത്താണ്.അതിനാൽ 15 ഏക്കറിന് മുകളിലുള്ള ഭൂമി ഏറ്റെടുക്കാമെന്നാണ് റിപ്പോർട്ട്. കക്കാടംപൊയിലെ ഭൂമി സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രേഖകൾ സമർപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുറെ നാളുകളായി താലൂക്ക് ലാൻഡ് ബോർഡിന് കീഴിൽ പി.വി അൻവറിന്റെ കൈവശമുള്ള ഭൂമി മിച്ച ഭൂമിയാണെന്ന് കാട്ടിയുള്ള കേസുകൾ നടന്നു വരുകയായിരുന്നു.
തൃക്കലങ്ങോട് വില്ലേജിലെ ഭൂമി വാങ്ങിയപ്പോൾ തന്നെ പി.വി അൻവറിന്റെയും കുടുംബത്തിന്റെയും ഭൂപരിധി കഴിഞ്ഞിരിന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിനിടെ തന്നെ കുന്ദമംഗലത്തും കക്കാടൻപൊഴിലിലും ഭൂമി വാങ്ങിയത് എല്ലാം ഭൂപരിധി ചട്ടങ്ങൾക്ക് പുറത്താണെന്നാണ് താലൂക്ക ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ. കോഴിക്കോട് കക്കാടംപൊഴിലിൽ പാർക്കിന് വേണ്ടി ഭൂമി വാങ്ങിയപ്പോൾ ഉണ്ടാക്കിയ ഒരു പാർട്ണർഷിപ്പിൽ ഫേര്മിൽ പി.വി അൻവർ എം.എൽ.എയും അദേഹത്തിന്റെ ഭാര്യയും മാത്രമാണുണ്ടായത് എന്നതാണ് ഇതിൽ പ്രധാനമായ കണ്ടെത്തൽ.
അതേസമയം ഇതു സംബന്ധിച്ച രേഖകൾ താലൂക്ക് ലാൻഡ് ബോർഡ് ചോദിച്ചപ്പോൾ ഈ ഭൂമി മറ്റുള്ള ആളുകൾ കൂടി വാങ്ങിയതാണെന്ന രേഖ സമർപ്പിച്ച് ഈ ഭൂമി തന്റെതല്ലെന്ന വാദമാണ് പി.വി അൻവർ ഉന്നയിച്ചത്. ഇത് വ്യാജമായ രേഖയാണെന്നും അത് ബോധപൂർവം ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ ചെയ്തതാണെന്നുമാണ് ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ. കക്കാടംപൊഴിലിലെ ഭൂമി പി.വി അൻവറിന്റെ ഭൂമിയായി തന്നെ പരഗണിക്കേണ്ടി വരുമെന്നാണ് താലുക്ക് ലാൻഡ് ബോർഡ് വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ ഇനി റവന്യു വകുപ്പാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത്.