വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെന്ന പരാതി; കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറക്കെതിരെ കേസ്
മട്ടാഞ്ചേരി സ്വദേശി ജോസഫ് സ്റ്റാൻലിയുടെ പരാതിയിലാണ് നടപടി
കൊച്ചി: വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറക്കെതിരെ കേസ്. മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഉൾപ്പെടെ ഒൻപത് പേർക്കെതിരായാണ് കേസെടുത്തത്. മട്ടാഞ്ചേരി സ്വദേശി ജോസഫ് സ്റ്റാൻലിയുടെ പരാതിയിലാണ് നടപടി.
ജോസഫ് സ്റ്റാൻലിയുടെ മാനേജറായ വി.എസ് ബാബുവാണ് ഒന്നാം പ്രതി. നാൽപത് വർഷമായി തന്റെ മാനേജരായി ജോലി ചെയ്യുന്ന ബാബു വസ്‌തുവകകളുടെ വ്യാജരേഖയുണ്ടാക്കി രണ്ടാം പ്രതിയായ കുഞ്ഞുമുഹമ്മദിന് വിറ്റുവെന്നാണ് കേസ്.
2006ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. അന്നത്തെ മട്ടാഞ്ചേരി സബ് രജിസ്ട്രാർ കേസിൽ മൂന്നാം പ്രതിയും ആന്റണി കൂരിത്തറ നാലാം പ്രതിയുമാണ്. താൻ സാക്ഷിയായാണ് ഒപ്പിട്ടതെന്നാണ് ആന്റണി കുരീത്തപറയുന്നത്. ഏത് വകുപ്പിലാണ് തനിക്കെതിരെ കേസെടുത്തതെന്ന് അറിയില്ലെന്നും ആന്റണി പ്രതികരിച്ചു. രാഷ്ട്രീയ ഗൂഢാലോചനയാണ് പിന്നിലെന്നും ക്രിസ്ത്യൻ കോളേജിലുണ്ടായ സംഘർഷത്തിലടക്കം താൻ സ്വീകരിച്ച നിലപാടുകളിൽ വൈരാഗ്യമുള്ളവർ ഉണ്ടെന്നും ആന്റണി പറഞ്ഞു.