പൊലീസ് നിഷ്ക്രിയം, സംസ്ഥാനം ഗുണ്ടാ ഇടനാഴിയായി- സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം
''വടക്കേ മലബാറിൽ ബോംബേറ് കുടിൽ വ്യവസായം പോലെയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിൽ കൈയിൽ കിട്ടുന്നതെല്ലാം ബോംബാണ്...''
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം നിയമസഭയിൽ. എൻ. ഷംസുദ്ദീൻ എം.എൽ.എയാണ് പ്രതിപക്ഷത്തിനു വേണ്ടി നോട്ടീസ് നൽകിയത്. പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണ് സംസ്ഥാനത്ത് ഇത്തരത്തിൽ കൊലപാതകസംഭവങ്ങൾ നടക്കുന്നതെന്ന് ഷംസുദ്ദീൻ ആരോപിച്ചു. എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്ത് ഇത്തരത്തിൽ നിരന്തരം കൊലപാതകങ്ങൾ നടക്കുന്നത് പൊലീസ് നിഷ്‌ക്രിയത്വംമൂലമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഷംസുദ്ദീൻ എം.എൽ.എ ആരോപിച്ചു. തലശ്ശേരിയിൽ ആർ.എസ്.എസുകാരാണ് പ്രതിയെങ്കിൽ കിഴക്കമ്പലത്ത് പ്രതികൾ സി.പി.എമ്മുകാരാണ്. ഹരിദാസിന്റെ കൊലപാതകം നടന്നത് പൊലീസ് ഉദാസീനതമൂലമാണ്. ഹരിദാസ് പരാതി നൽകിയപ്പോൾ നോക്കിയും കണ്ടും നടന്നാൽ മതിയെന്നാണ് പൊലീസ് പറഞ്ഞതെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.
ആലപ്പുഴ ഇരട്ടക്കൊലപാതകത്തിലും പൊലീസ് അനാസ്ഥ വ്യക്തമാണ്. വടക്കേ മലബാറിൽ ബോംബേറ് കുടിൽ വ്യവസായം പോലെയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിൽ കൈയിൽ കിട്ടുന്നതെല്ലാം ബോംബാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി.
ആലപ്പുഴയിൽ ആർ.എസ്.എസ് നേതാവിനെ എസ്.ഡി.പി.ഐക്കാർ ഘോഷയാത്രയായി പോയാണ് കൊന്നത്. സംസ്ഥാന ഇന്റലിജൻസ് പരാജയമാണ്. മട്ടന്റെ കാലല്ല, മനുഷ്യന്റെ കാല് വെട്ടിയെടുത്ത് തെരുവിലെറിഞ്ഞ് പോകുന്നതാണ് കാണുന്നത്. ജോമോന് കാപ്പ ഒഴിവാക്കിയത് പൊലീസ് കൃത്യമായ റിപ്പോർട്ട് നൽകാത്തതിനാലാണ്. കേരളത്തിൽ ഇപ്പോഴുള്ളത് ഗുണ്ടാ ഇടനാഴിയാണെന്നും ഷംസുദ്ദീൻ വിമർശിച്ചു.