ലോ കോളജ് സംഘർഷം: പ്രിൻസിപ്പലുമായി തിങ്കളാഴ്ച കെഎസ്‌യു-എസ്എഫ്‌ഐ ചർച്ച

ചർച്ചയ്ക്ക് ശേഷമാകും ക്ലാസ്സുകൾ തുടങ്ങുന്നതിൽ തീരുമാനമെടുക്കുക

Update: 2023-03-18 13:40 GMT
Advertising

തിരുവനന്തപുരം: സംഘർഷത്തിന് പിന്നാലെ തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്‌ഐ-കെഎസ്‌യു പ്രതിനിധികളുമായി പ്രിൻസിപ്പൽ ചർച്ച നടത്തും. ഇന്ന് ചേർന്ന പിടിഎ യോഗത്തിലാണ് ചർച്ചക്ക് തീരുമാനമായത്. ചർച്ചയ്ക്ക് ശേഷമാകും ക്ലാസ്സുകൾ തുടങ്ങുന്നതിൽ തീരുമാനമെടുക്കുക.

പിടിഎ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. തിങ്കളാഴ്ച ഓൺലൈനായി ക്ലാസുകൾ തുടങ്ങും.അതേസമയം എസ്എഫ്‌ഐ പ്രവർത്തകരുടെ അക്രമത്തിനെതിരെ റിട്ട് ഫയൽ ചെയ്യാനാണ് അധ്യാപകരുടെ നീക്കം. കോളജ് അധ്യാപകനെ മർദിച്ച കേസിലാണ് നടപടിക്കൊരുങ്ങുന്നത്.

എസ്എഫ്ഐ -കെഎസ്‍യു സംഘര്‍ഷത്തിന് പിന്നാലെ നടന്ന ഉപരോധസമരത്തിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജിലെ അസിസ്റ്റന്‍ പ്രൊഫസര്‍ വി.കെ സഞ്ജുവിനെ മര്‍ദിച്ചത്.കോളജിന് പുറത്തുനിന്നുള്ളവരടക്കം മര്‍ദിച്ചുവെന്നാണ് അധ്യാപിക പൊലീസിന് കൊടുത്ത മൊഴി. ഇതിന് പിന്നാലെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് 50ല്‍ അധികം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

കോളജിലെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ അധ്യാപകര്‍ ഒരുങ്ങുന്നത്. പഠിപ്പിക്കാന്‍ ആവശ്യമായ അന്തരീക്ഷം ഒരുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും.തൃശൂര്‍ ലോ കോളജിലടക്കം സമാനസംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നും അധ്യാപകര്‍ പറയുന്നു. എസ്എഫ്ഐ പ്രവർത്തകരുടെ മർദനമേറ്റ അസിസ്റ്റൻ്റ് പ്രൊഫസർ വി.കെ സഞ്ജു പ്രിൻസിപ്പലിന് പരാതി നൽകി. അധ്യാപികയുടെ പരാതി അന്വേഷിക്കാൻ പ്രിൻസിപ്പൽ അഭ്യന്തര സമിതിയെ നിയോഗിച്ചു..

സമാധാനമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം കോളജിലുണ്ടാകണമെന്നാണ് അധ്യാപകരുയർത്തുന്ന ആവശ്യം. സംസ്ഥാനത്തെ നാല് ലോ കോളജുകളിലെയും അധ്യാപകരുമായി കൂടിയാലോചിച്ച് ഹൈക്കോടതിയെ സമീപിക്കുന്നതിനെ പറ്റി തീരുമാനമെടുക്കുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.

Full View

കെഎസ് യുവിന്റെ കൊടി തോരണങ്ങൾ കത്തിച്ചതുമായി ബന്ധപ്പെട്ട് 24 എസ്എഫ്‌ഐ പ്രവർത്തകരെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഇവരുടെ രക്ഷിതാക്കളുമായി പ്രിൻസിപ്പൽ പ്രത്യേക യോഗം ചേരും. ഇവർക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് പ്രിൻസിപ്പൽ അറിയിച്ചിരിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News