ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ ആയുധങ്ങളെന്ന് കോൺഗ്രസ്; പണിയായുധങ്ങളാണെന്ന് കെ.രാധാകൃഷ്ണൻ
അകമ്പടി വാഹനത്തിൽ നിന്നും ആയുധങ്ങൾ മാറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
പാലക്കാട് : അകമ്പടി വാഹനത്തിൽ ആയുധങ്ങൾ കണ്ട സംഭവം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന യു.ഡി.എഫ് ആരോപണം തള്ളി ആലത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ. പ്രചാരണ ബോർഡുകൾ സ്ഥാപിക്കാൻ ഉപയോഗിച്ച പണിയായുധങ്ങളായിരുന്നു അവയെന്ന് കെ.രാധാകൃഷ്ണൻ പ്രതികരിച്ചു. എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ നിന്നും ആയുധങ്ങൾ മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ആലത്തൂർ ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്നും വാക്കത്തി അടക്കമുള്ള ആയുധങ്ങൾ മാറ്റുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അക്രമത്തിന്റെ മാർഗത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് ആലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ആരോപിച്ചു.
യു.ഡി.എഫ് ആരോപണം ബാലിശമെന്നായിരുന്നു കെ.രാധാകൃഷ്ണന്റെ പ്രതികരണം.അവ പ്രചാരണ ബോർഡുകൾ സ്ഥാപിക്കാൻ ഉപയോഗിച്ച പണിയായുധങ്ങളാണ്. പ്രകോപനം സൃഷ്ടിക്കാനുള്ള യു.ഡി.എഫിന്‍റെ ബോധപൂർവമായ നീക്കമാണിതെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങളിൽ ഉള്ള പ്രദേശിക സി.പി.എം പ്രവർത്തകരെ വിവര ശേഖരണത്തിനായി വിളിപ്പിക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.