കോൺഗ്രസുകാരുടേത് ഭീകര പ്രവർത്തനമെന്ന് ഇ.പി ജയരാജൻ; പരിശീലനം ലഭിച്ച ആക്രമണം; ഗാന്ധിജിയെ പോലെ സഹിക്കില്ല
'പതിനായിരക്കണക്കിന് പേർ വന്നിട്ടുള്ളൊരു റാലിയുടെ നേരെ ഇങ്ങനൊരു ഭീകര പ്രവർത്തനം വരുമ്പോൾ ഗാന്ധിജിയെ പോലെ സഹിക്കുമെന്നാണോ ധരിക്കുന്നത്?'
കണ്ണൂർ: നവകേരളാ യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. നടന്നത് ഭീകരപ്രവർത്തനം ആണെന്നാണ് ഇ.പി ജയരാജൻ പ്രതികരിച്ചത്.
ഇന്നലെ നടന്ന പ്രതിഷേധത്തിനെതിരായ ആക്രമണത്തിൽ 14 സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തർക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു ഇ.പി ജയരാജന്റ് പ്രതികരണം. പതിനായിരങ്ങൾ പങ്കെടുക്കുന്നൊരു മഹാറാലിയിൽ മൂന്നാലു പേർ കറുത്ത കൊടിയും വടിയും കല്ലുമെടുത്ത് വന്നാൽ എന്താ അർഥം. ജനാധിപത്യമാണോ?.
രണ്ടോ മൂന്നോ ആളുകൾ വന്ന് നടത്തുന്ന ഭീകരപ്രവർത്തനമാണോ പ്രതിഷേധം? മുഖ്യമന്ത്രിയുടെ കാറിന് നേരെയും ബസിന് നേരെയും കല്ലെറിയാൻ വന്നതാണോ പ്രതിഷേധം? എന്നാലവർ നടത്തട്ടേ. ജനങ്ങളിത് തിരിച്ചറിയും. അക്രമമാണ് നടത്തിയത്. അതിന് പരിശീലനം നൽകി കൊണ്ടുവന്ന് എറിയുകയായിരുന്നെന്നും ജയരാജൻ ആരോപിച്ചു.
പ്രതിഷേധക്കാരെ ചെടിച്ചട്ടിയുൾപ്പെടെ കൊണ്ട് ആക്രമിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ, പതിനായിരക്കണക്കിന് പേർ വന്നിട്ടുള്ളൊരു റാലിയുടെ നേരെ ഇങ്ങനൊരു ഭീകര പ്രവർത്തനം വരുമ്പോൾ ഗാന്ധിജിയെ പോലെ സഹിക്കുമെന്നാണോ ധരിക്കുന്നത് എന്നായിരുന്നു ജയരാജന്റെ മറുചോദ്യം.
ഇത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വാക്കല്ലേ എന്ന് ചോദിച്ചപ്പോൾ 'ഒരിക്കലുമല്ല, അക്രമികളേയും അക്രമങ്ങളേയും ഇല്ലായ്മ ചെയ്യാനുള്ള നടപടികളുടെ ഭാഗമാണിതെ'ന്നായിരുന്നു ഇ.പി ജയരാജന്റ് വാദം. അവരെ തടയാൻ പൊലീസിന് സാധിക്കുമായിരുന്നില്ലേ എന്ന ചോദ്യത്തിന്, പൊലീസ് സ്റ്റേഷന് മുന്നിൽ വന്ന് മുഖ്യമന്ത്രിയുടെ വാഹനത്തെ ആക്രമിക്കുന്നത് ആസൂത്രിതമാണെന്നും ജയരാജൻ ആരോപിച്ചു.
ഇന്നലെയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാരെ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത്. ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലക്കടിച്ചുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. അക്രമം തടഞ്ഞവരെയും മർദിച്ചെന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ്.ഐ.ആറിൽ പറയുന്നു.
സംഭവത്തിൽ 14 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധക്കാരെ ആക്രമിച്ച സംഭവം ഏറെ വിവാദമായിരുന്നു. പഴയങ്ങാടി എരിപുരത്ത് വച്ചാണ്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ജില്ലാ വൈസ് പ്രസിഡന്‍റ് മഹിത മോഹന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം.
വകേരളയുടെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി കാട്ടിയത്. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി മർദിക്കുകയായിരുന്നു.