ശരിയായ ദിശാബോധത്തോടെ സി.പി.ഐയെയും സി.പി.എമ്മിനെയും യോജിപ്പിച്ചു കൊണ്ടുപോയ നേതാവ്: എം.വി ഗോവിന്ദൻ

കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു

Update: 2023-12-08 14:12 GMT
Advertising

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശരിയായ ദിശാബോധത്തോടെ സി.പി.ഐയെയും സി.പി.എമ്മിനെയും യോജിപ്പിച്ചു കൊണ്ടുപോയ നേതാവാണദ്ദേഹം. ഒരു മനുഷ്യായുസ് മുഴുവൻ അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിനും പാവപ്പെട്ടവർക്കും വേണ്ടി ഉഴിഞ്ഞു വെച്ചയാളാണ് കാനം രാജേന്ദ്രനെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന രീതിയിൽ പ്രവർത്തിക്കുമ്പോൾ സി.പി.ഐയും സി.പി.എമ്മും വളരെ ഐക്യത്തോടെയാണ് ഈ കാലമത്രയും മുന്നോട്ടു പോയത്. വളരെയേറെ പ്രതികൂലമായ സാഹചര്യങ്ങൾ രൂപപെടുമ്പോയെല്ലാം വളരെ ശരിയായ ദിശാബോധത്തോടെ സി.പി.ഐയും സി.പി.എമ്മിനെയും യോജിപ്പിച്ചു മുന്നോട്ടേക്ക് കൊണ്ടു പോകുന്നതിൽ വളരെ ശ്രദ്ധേയമായ നേതൃത്വമായിട്ടാണ് സഖാവ് കാനം രാജേന്ദ്രൻ നിലകൊണ്ടത്. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുന്നയിച്ച് അവരുടെ ദുരിതപൂർണമായ ജീവിതത്തെ മാറ്റി കുറിക്കാനുള്ള പ്രവർത്തനങ്ങൾക്കൊപ്പം നില കൊണ്ട് കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് നമ്മുക്ക് നഷ്ടപ്പെട്ടതെന്നും എം.വി ഗോവിന്ദൻ കൂട്ടി ചേർത്തു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ ചികിത്സയിലിരിക്കെ ഹ‍ൃദയാഘാതം മൂലമായിരുന്നു അന്ത്യം. സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം അദ്ദേഹം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയായിരുന്നു മരണം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി വിശ്രമത്തിലായിരുന്നു അദ്ദേഹം.

അപകടത്തിൽ ഇടതുകാലിന് പരിക്കേറ്റത് പ്രമേഹം മൂലം സ്ഥിതി കൂടുതൽ വഷളാക്കി. കാലിലുണ്ടായ മുറിവുകൾ ഉണങ്ങാതെ അണുബാധ ഉണ്ടായത് കാരണം ഇടതുകാൽ പാദം മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗം സിപിഐക്ക് നികത്താനാകാത്തതാണെന്ന് നേതാക്കൾ പ്രതികരിച്ചു.

2015 മാർച്ച് 2 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതല വഹിച്ചുവരികയായിരുന്നു കാനം രാജേന്ദ്രൻ. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി.കെ. പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10-ന് ജനനം. കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ എന്ന പ്രത്യേകത കൂടി കാനം രാജേന്ദ്രനുണ്ട്.

എഐവൈഎഫിലൂടെയായിരുന്നു കാനത്തിന്റെ രാഷ്ട്രീയപ്രവേശനം. നിലവിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്. എ.ഐ.വൈ.എഫ്. സംസ്ഥാനസെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കാലത്ത് തന്നെ അദ്ദേഹത്തിന്റെ പോരാട്ടവീര്യം കേരളംകണ്ടതാണ്. 21–ാം വയസ്സിൽ സിപിഐ അംഗമായി. 26–ാം വയസ്സിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗത്വം നേടി.രണ്ടു വട്ടം വാഴൂരിനെ പ്രതിനിധീകരിച്ച് നിയമസഭാംഗം ആയിട്ടുണ്ട്. 2015 ൽ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. 

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News