അനിശ്ചിതത്വം തീർന്നു; വിഴിഞ്ഞം സമരസമിതി നേതാക്കൾ രാഹുലിനെ കാണാനെത്തും
തിരുവനന്തപുരം പട്ടത്ത് ഉച്ചക്ക് രണ്ടുമണിക്കാണ് കൂടിക്കാഴ്ച
തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി നേതാക്കൾ രാഹുൽ ഗാന്ധിയെ കാണാനെത്തും. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി - വിഴിഞ്ഞം സമര സമിതി കൂടിക്കാഴ്ചയിലുണ്ടായിരുന്ന അനിശ്ചിതത്വം ഇതോടെ അവസാനിച്ചു. തിരുവനന്തപുരം പട്ടത്ത് ഉച്ചക്ക് രണ്ടുമണിക്കാണ് കൂടിക്കാഴ്ച.
രാഹുൽ ഗാന്ധി ബിഷപ്പ് ഹൗസിൽ എത്തണമെന്ന് ലത്തീൻ അതിരൂപത നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അത് പ്രായോഗികമല്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ പോകാത്തതെന്നും നേതാക്കൾ അറിയിച്ചു. സമര സമിതി പ്രവർത്തകർ രാഹുൽ ഉള്ളിടത്തേക്ക് വന്നാൽ കൂടിക്കാഴ്ചയാകാമെന്ന് നേതാക്കൾ അറിയിച്ചു. തുടർന്ന് ലത്തീൻ അതിരൂപത യോഗം ചേർന്നാണ് രാഹുലിനെ കാണാൻ പോകാമെന്ന് തീരുമാനിച്ചത്.
ഇന്ന് തിരുവനന്തപുരം വെള്ളയായനിയിൽനിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. വെള്ളായനി മുതൽ പട്ടം വരെയാണ് രാവിലെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി നടക്കുക. വൈകീട്ട് കഴക്കൂട്ടത്ത് സമാപിക്കും. യാത്രക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഉന്നയിച്ച വിമർശനങ്ങൾ മറുപടി അർഹിക്കാത്തതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.