മുൻ ഹരിത നേതാക്കളെ ലീഗിൽ നിന്ന് പുറത്താക്കാൻ നേതൃത്വത്തിൽ ആലോചന
നേതൃത്വത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം മുമ്പ് ഒരിക്കലുമില്ലാത്ത തരത്തിൽ മുൻഹരിത നേതാക്കൾക്ക് പാർട്ടി വേദികൾ ലഭിക്കുന്നതിൽ ചില ലീഗ് നേതാക്കൾ അസ്വസ്ഥരാണ്
മുൻ ഹരിത നേതാക്കളായ ഫാത്തിമ തഹ് ലിയ,മുഫീദ തെസ്‌നി,നജ്മ തബ്ഷീറ എന്നിവരെ ലീഗിൽ നിന്ന് പുറത്താക്കാൻ നേതൃത്വത്തിൽ ആലോചന. എംഎസ്എഫ് പ്രസിഡന്റ് പികെ നവാസിനെതിരായ കോടതി നടപടികളുമായി മുൻ ഹരിത നേതാക്കൾ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ലീഗ് നേതൃത്വം ഇവരെ പുറത്താക്കാനുള്ള ആലോചന നടത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മൂന്ന് പേരും എതിർപാളയത്തിലേക്ക് പോകുമെന്ന വിലയിരുത്തിലും ഒരു വിഭാഗം ലീഗ് നേതാക്കൾക്കുണ്ട്.
നേതൃത്വത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം മുമ്പ് ഒരിക്കലുമില്ലാത്ത തരത്തിൽ മുൻഹരിത നേതാക്കൾക്ക് പാർട്ടി വേദികൾ ലഭിക്കുന്നതിൽ ചില ലീഗ് നേതാക്കൾ അസ്വസ്ഥരാണ്. ലീഗിൽ ഉറച്ച് നിന്നതിന് ശേഷം, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്‌പോൾ ഫാത്തിമയും,മുഫീദയും,നജ്മയും എൽഡിഎഫിനൊപ്പം ചേരുമെന്ന വിലയിരുത്തൽ സാദിഖലി തങ്ങളും പിഎംഎ സലാമും അടക്കമുള്ള നേതാക്കൾക്കുണ്ട്. ഇപ്പോഴേ പുറത്താക്കിയാൽ ആ സമയത്ത് പാർട്ടി പ്രതിസന്ധിയിലാകില്ലെന്ന നിലപാടിലാണ് ഇവർ.
പികെ നവാസിനെതിരായ കോടതി നടപടികൾ അടുത്ത മാസം തുടങ്ങാനിരിക്കേ ആ കാരണം പറഞ്ഞ് പുറത്താക്കാമെന്നാണ് നിലവിലെ ആലോചന. ഏറ്റവും അവസാനം നടന്ന ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ വിഷയം ചർച്ചയായിരുന്നു. എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരടക്കമുള്ളവർക്കെതിരെ നടപടിയെടുത്തതിനെത്തുടർന്നുള്ള ചർച്ചകൾ അവസാനിച്ച ശേഷം മുൻ ഹരിത നേതാക്കളെ പുറത്താക്കാനാണ് തീരുമാനം. ഒരു വിഭാഗം സംസ്ഥാന നേതാക്കൾക്ക് എതിർപ്പുണ്ടങ്കിലും നിലവിലെ സാഹചര്യത്തിൽ അത് ഉയർത്താൻ സാധ്യത കുറവാണ്.