തൊടുപുഴ നഗരസഭയില്‍ കോണ്‍ഗ്രസും ലീഗും വേർപിരിഞ്ഞത് തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിന് വെല്ലുവിളിയാകും
തൊടുപുഴ നഗരസഭയില്‍ തുല്യ സീറ്റുകളുള്ള കോണ്‍ഗ്രസും ലീഗും ചെയർമാന്‍ സ്ഥാനത്തിന് വേണ്ടി വാശി പിടിച്ചതാണ് മുന്നണി പൊളിയാന്‍ കാരണം
കൊച്ചി: തൊടുപുഴ നഗരസഭയില്‍ കോണ്‍ഗ്രസും ലീഗും വേർപിരിഞ്ഞത് തദ്ദേശ തെരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിന് വെല്ലുവിളിയാകും. ഏഴ് ജില്ലകളില്‍ തനിച്ച് മത്സരിക്കേണ്ടി വരുമെന്ന് കണക്കാക്കി മുന്നൊരുക്കം നടത്താന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് മുസ്‍ലിം ലീഗ് നേതൃത്വം നിർദേശം നല്‍കി. തൊടുപുഴയില്‍ പ്രശ്നം വഷളാക്കിയത് കെ.പി.സി.സിയുടെ വീഴ്ചയാണെന്ന വിമർശനം മുസ്‍ലിം ലീഗിനുണ്ട്.
തൊടുപുഴ നഗരസഭയില്‍ തുല്യ സീറ്റുകളുള്ള കോണ്‍ഗ്രസും ലീഗും ചെയർമാന്‍ സ്ഥാനത്തിന് വേണ്ടി വാശി പിടിച്ചതാണ് മുന്നണി പൊളിയാന്‍ കാരണം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതിന് പിറകേ ഇടുക്കി ജില്ലയില്‍ ലീഗ് യു.ഡി.എഫ് വിട്ടു. മലബാറില്‍ കോണ്‍ഗ്രസിന് നല്‍കുന്ന പരിഗണന തെക്കന്‍ കേരളത്തില്‍ തിരിച്ചു കിട്ടുന്നില്ലെന്നാണ് മുസ്‍ലിം ലീഗിന്‍റെ പരാതി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര വെക്കുമെന്ന് കണക്കാക്കി ഒറ്റക്ക് മുന്നോട്ടു പോകാന്‍ ലീഗ് സംസ്ഥാന നേതൃത്വം ഏഴ് ജില്ലാ കമ്മിറ്റികളോട് നിർദേശിച്ചു. തെക്കന്‍ കേരളത്തിലെ ജില്ലാ കമ്മിറ്റികളുടെ യോഗം അടുത്ത ദിവസം ആലപ്പുഴയില്‍ ചേരും.
മുസ്‍ലിം ലീഗ് മത്സരിക്കുന്നതും മത്സരിക്കാത്തതുമായ എല്ലാ വാർഡുകളിലും പാർട്ടി വോട്ടുകളുടെ കണക്ക് ശേഖരിക്കാന്‍ കീഴ് ഘടകങ്ങള്‍ക്ക് നിർദേശമെത്തിക്കഴിഞ്ഞു. മാന്യമായ പരിഗണന ലഭിച്ചില്ലെങ്കില്‍ തനിച്ച് മത്സരിക്കാനാണ് ലീഗ് തീരുമാനം. ആവശ്യമെങ്കില്‍ സി.പി.എമ്മുമായി പോലും സഖ്യമാകാമെന്ന സന്ദേശവും നേതൃത്വം നല്‍കിയിട്ടുണ്ട്. സഖ്യമുണ്ടാക്കിയ ശേഷം ലീഗിനെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നതും യു.ഡി.എഫ് വിമതന് കോണ്‍ഗ്രസ് ചിഹ്നമനുവദിക്കുന്നതും ലീഗ് വകവെച്ചുകൊടുക്കില്ല.
ആലപ്പുഴ യോഗത്തിന്‍റെ പ്രധാന അജണ്ടയും ഇത്തരം വിഷയങ്ങളാണ്. അതിനിടെ പ്രശ്ന പരിഹാരത്തിനായി കോണ്‍ഗ്രസ് നേതൃത്വം ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടു. തെക്കന്‍ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ലീഗിനെക്കാള്‍ ശക്തി എസ് ഡിപിഐക്കാണ്. ലീഗ് പിറകില്‍ പോകാന്‍ കാരണം കോണ്‍ഗ്രസ് ഒതുക്കുന്നതുകൊണ്ടാണെന്ന് ലീഗ് കണക്കാക്കുന്നു. ലീഗ് നിലപാട് കടുപ്പിക്കുന്നതിന് പിന്നില്‍ ഇതും ഒരു ഘടകമാണ്.