തീരുമാനമെടുക്കാൻ കോൺഗ്രസിന്റെ സമ്മതം വാങ്ങേണ്ട ഗതികേട് ലീഗിനില്ല: ഇ പി ജയരാജൻ

നവകേരള സദസിനായി വാങ്ങിയ ബസ് അസറ്റാണെന്നും യാത്രയ്ക്ക് ശേഷം പല ആവശ്യങ്ങൾക്കും ഈ വാഹനം ഉപയോഗിക്കാൻ കഴിയുമെന്നും ഇ പി ജയരാജൻ

Update: 2023-11-16 12:29 GMT
Advertising

കണ്ണൂർ: നയപരമായ തീരുമാനം എടുക്കാൻ കോൺഗ്രസിന്റെ സമ്മതം വാങ്ങേണ്ട ഗതികേട് മുസ്‌ലിം ലീഗിനില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. യുഡിഎഫ് ദുർബലപ്പെടുകയാണെന്നും ചാരി നിൽക്കാൻ ഒരു വടിയാണ് കോൺഗ്രസിന് ആവശ്യമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പി അബ്ദുൽ ഹമീദ് കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാകാൻ അർഹനാണെന്നും ഇ പി ജയരാജൻ പറഞ്ഞു. കേരള ബാങ്കിൽ ഡയറക്ടറാകുന്ന ആദ്യ യുഡിഎഫ് എംഎൽഎയായി അദ്ദേഹം മാറിയത് വിവാദമായ സാഹചര്യത്തിലാണ് ഇപിയുടെ പ്രതികരണം. പി അബ്ദുൽ ഹമീദ് മികച്ച സഹകാരിയാണെന്നും പ്രതിപക്ഷത്തെ കൂടി ഉൾപ്പെടുത്തുകയാണ് എൽഡിഎഫ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ സ്വാധീനമുള്ള പാർട്ടിയാണ് ലീഗ്, അവരും സഹകരണ മുന്നണിയിൽ ഉണ്ടാവണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും പറഞ്ഞു.

Full View

അതേസമയം, മലപ്പുറത്തെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ലീഗ് പങ്കെടുക്കണമോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും പറഞ്ഞു. ഫലസ്തീനൊപ്പം നിന്ന ആര്യാടൻ ഷൗക്കത്തിനെതിരെ കോൺഗ്രസ് നടപടിയെടുത്തുവെന്നും ഹമാസിനെ പിന്തുണച്ച തരൂരിനെ തിരുത്താൻ തയാറായിട്ടില്ലായെന്നും ഇപി കുറ്റപ്പെടുത്തി. ഫലസ്തീൻ വിഷയത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പാണിതെന്നും വിമർശിച്ചു.

അതിനിടെ, ജെഡിഎസ് വിഷയത്തിലും ഇപി പ്രതികരിച്ചു. കേരളത്തിലെ എൻസിപിയും ജെഡിഎസും ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാർട്ടികളാണന്നെും അവരെ സംരക്ഷിക്കേണ്ട ചുമതല എൽഡിഎഫിനുണ്ടെന്നും വ്യക്തമാക്കി. കൃത്യമായ നിലപാട് സ്വീകരിക്കാനുള്ള ആർജവം അവർക്കുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.

നവകേരള സദസിനായി വാങ്ങിയ ബസ് അസറ്റാണെന്നും ഇപി അവകാശപ്പെട്ടു. വലിയ പണചെലവ് ഒഴിവാക്കാനാണ് ബസ് നിർമിച്ചതെന്നും യാത്രയ്ക്ക് ശേഷം പല ആവശ്യങ്ങൾക്കും ഈ വാഹനം ഉപയോഗിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ആരോപണത്തിൽ കഴമ്പില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയിൽ പ്രത്യേകമായി ആളെ കൂട്ടണ്ട കാര്യമുണ്ടോയെന്നും ചോദിച്ചു.

Full View
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News