കുഞ്ഞാലിക്കുട്ടിയെ കുരിശിൽ കയറ്റി ലീഗ് ഭാരവാഹി യോഗം; ചര്‍ച്ചയായത് ചന്ദ്രികയിലെ കള്ളപ്പണം, ഇ ഡി , പാര്‍ട്ടി ഫണ്ട് വിവാദങ്ങള്‍

കെ.എം ഷാജി, കെ.എസ് ഹംസ, പി.എം സാദിഖലി, എം.സി മായിന്‍ഹാജി എന്നിവരാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയത്. പി കെ ഫിറോസ്, അബ്ദുറഹ്‌മാന്‍ കല്ലായി , നജീബ് കാന്തപുരം തുടങ്ങിയ നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് രംഗത്ത് വന്നു.

Update: 2021-08-01 07:41 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ നടന്നത് അസാധാരണ ചര്‍ച്ചകള്‍. പതിവില്‍ നിന്ന് വ്യത്യസ്തമായി പത്ത് മണിക്കൂര്‍ നീണ്ട യോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചുള്ള വിമര്‍ശനം ഉയര്‍ന്നു. കെ.എം ഷാജി, കെ.എസ് ഹംസ, പി.എം സാദിഖലി, എം.സി മായിന്‍ഹാജി എന്നിവരാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയത്. പി കെ ഫിറോസ്, അബ്ദുറഹ്‌മാന്‍ കല്ലായി , നജീബ് കാന്തപുരം തുടങ്ങിയ നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് രംഗത്ത് വന്നു.

പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിക്കുകയും ഹൈദരലി തങ്ങളെ ഇ.ഡി ചോദ്യം ചെയ്തതും വഴി പി കെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയെ കൊലക്ക് കൊടുത്തെന്ന് കെ എസ് ഹംസ ആരോപിച്ചു. പാര്‍ട്ടി ഫണ്ട് സുതാര്യതയില്ലാതെ കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യുന്നതും കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയതിലുള്ള എതിര്‍പ്പും കെ എം ഷാജി ഉന്നയിച്ചു.

സമുദായപ്രശ്‌നങ്ങളില്‍ നിലപാടെടുക്കാത്തത് മൂലം പാര്‍ട്ടിക്കുണ്ടായ പരിക്കാണ് എം.സി മായന്‍ഹാജി സംസാരിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, പി.കെ കുഞ്ഞാലിക്കുട്ടിയെ ശക്തമായി പിന്തുണച്ചു. എന്നാല്‍ യൂത്ത് ലീഗ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ റിപ്പോര്‍ട്ടായി നല്‍കുമെന്ന് പ്രസിഡണ്ട് മുനവ്വറലി തങ്ങള്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി ചെയ്ത സേവനങ്ങളും ത്യാഗങ്ങളും എണ്ണിപ്പറഞ്ഞ കുഞ്ഞാലിക്കുട്ടി വൈകാരികമായാണ് മറുപടി നല്‍കിയത്. ഹൈദരലി തങ്ങള്‍ ചികിത്സയിലായതിനാല്‍ സാദിഖലി തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം. 

ചര്‍ച്ചയുടെ വിശദാംശങ്ങള്‍:

പി.എം സാദിഖലി: മുസ്‌ലിം ലീഗിന്റെ ഉടമസ്ഥാവകാശം ഏതെങ്കിലും വ്യക്തി ഏറ്റെടുക്കേണ്ടതില്ല. ബാഫഖി തങ്ങളും സീതി സാഹിബും ഉണ്ടാക്കിയ പാര്‍ട്ടിയാണിത്. അന്ന് മുതല്‍ പാര്‍ട്ടിക്കൊപ്പം ജനങ്ങളുണ്ട്. ഇപ്പോഴുള്ളവര്‍ അതിലേക്ക് ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല. അതിനാല്‍ തന്നെ അവകാശിയായി ആരും വരേണ്ടതില്ല. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍ നിന്നും കേരളത്തിലേക്ക് തിരിച്ച് വന്നത് കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോറ്റതെന്ന നിലപാട് എനിക്കില്ല. എന്നാല്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവെച്ച് ഡല്‍ഹിക്ക് പോയത് എന്തിനാണെന്ന് വ്യക്തമാക്കണം. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയത് എന്തിനാണെന്നും ജനങ്ങളോട് പറയണം. പോയതിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയോ ?. ചെറുപ്പക്കാരുടെ ഇടയിലുള്ള ഇത്തരം ചോദ്യങ്ങള്‍ അഭിസംബോധന ചെയ്യാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ല.



എം.കെ മുനീര്‍:  പാണക്കാട് കുടുംബത്തില്‍ ജനങ്ങള്‍ക്കും സമുദായത്തിനും ഒരു വിശ്വാസമുണ്ട്. ആ വിശ്വാസ്യത കാത്ത് സൂക്ഷിക്കാന്‍ പാണക്കാട് കുടുംബത്തിന് ബാധ്യതയുണ്ട്. അതുണ്ടായില്ലെങ്കില്‍ പടച്ചവന്‍ ചോദിക്കും. തങ്ങള്‍ കുടുംബം ഉത്തരവാദിത്തം നിര്‍വഹിക്കണം. ബാധ്യത നിര്‍വഹിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. നേതൃത്വത്തില്‍ നിന്ന് നീതി കിട്ടിയില്ലെങ്കില്‍ അണികള്‍ കൊഴിഞ്ഞു പോകും.

പി.കെ ബഷീര്‍: പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ആരാണെന്ന കാര്യത്തില്‍ വലിയ സംശയങ്ങള്‍ സമൂഹത്തിലുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന കെ.പി.എ മജീദിന് സ്ഥാനാര്‍ഥിയാകണോ എന്ന് ചോദിച്ചത് ഒരു ഫര്‍ണീച്ചര്‍ വ്യാപാരിയാണ്. എന്തൊരു സ്ഥിതിവിശേഷമാണിത്.

കെ എം ഷാജി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കരുതെന്ന് അദ്ദേഹത്തോടും ഹൈദരലി തങ്ങളോടും സാദിഖലി തങ്ങളോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. യുഡിഎഫ് വിജയിച്ചാല്‍ അദ്ദേഹത്തിന് മത്സരിച്ച് മന്ത്രിയാകാനുള്ള അവസരമുണ്ടാകണം എന്ന നിലപാടും ഞാനെടുത്തു. ഇതൊന്നും പരിഗണിക്കാതിരുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കി. കുഞ്ഞാലിക്കുട്ടി മടങ്ങിവന്ന സാഹചര്യം ഇപ്പോഴും പാര്‍ട്ടിയില്‍ വിശദീകരിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിടാന്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാനത് നിരാകരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായത് പ്രാദേശിക നേതാക്കളുടെ മികവാണ്. സംസ്ഥാന നേതാക്കളുടെ വിശ്വാസ്യതക്കുറവാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍ക്കാന്‍ കാരണം. ദേശീയ സംസ്ഥാന നേതാക്കള്‍ കപടരാണെന്ന് പ്രവര്‍ത്തകരും ജനങ്ങളും വിശ്വസിക്കുന്നുണ്ട്.

പാര്‍ട്ടി ഫണ്ട് ഒരാള്‍ തനിച്ച് കൈകാര്യം ചെയ്യേണ്ടതല്ല. എല്ലാവരെയും അറിയിച്ചില്ലെങ്കിലും നാലോ അഞ്ചോ പേരെങ്കിലും കണക്ക് അറിഞ്ഞിരിക്കണം. പടച്ചവനോട് മറുപടി പറയേണ്ടി വരും എന്ന കാര്യമെങ്കിലും നേതൃത്വത്തിന് ബോധ്യമുണ്ടാകണം. പാര്‍ട്ടി ഫണ്ട് വിനിയോഗത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്നാണ് അബ്ദുല്‍ വഹാബ് പറയുന്നത്. അതൊരു മേന്‍മയല്ല. അറിയാനും പാര്‍ട്ടിയെ അറിയിക്കാനും ഇടപെടുകയാണ് വഹാബ് ചെയ്യേണ്ടത്. 

പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ചായ അടിക്കുന്നവന്‍ അറിയുന്ന കാര്യങ്ങള്‍ പോലും സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ അറിയുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ ഇവരാണ് ആദ്യം അറിയുന്നത്. കെ.പി.എ മജീദിനോട് സ്ഥാനാര്‍ഥിത്വം വേണോ എന്ന് ചോദിച്ചത് പോലെ എന്നോട് ഏതെങ്കിലും മുതലാളി ചോദിച്ചിരുന്നെങ്കില്‍ അടിച്ച് ചെവിക്കല്ല് ഞാന്‍ പൊട്ടിക്കും. അഴീക്കോട് തോല്‍ക്കും എന്ന് ഞാന്‍ നേരത്തേ പറഞ്ഞതാണ്. എന്നെ നിര്‍ബന്ധിച്ച് അവിടെ തന്നെ മത്സരിപ്പിച്ചു.

ഞാന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്നും ഞാന്‍ നേരത്തേ പറഞ്ഞതാണ്. എന്നാല്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നല്‍കിയ പണം എനിക്ക് ലഭിച്ചില്ല. എനിക്കെതിരെ കള്ളപ്രചാരണം പാര്‍ട്ടിയില്‍ തന്നെ നടക്കുന്ന സ്ഥിതിയുമുണ്ടായി. പതിനാറ് പേര്‍ ഇരുന്ന് വാര്‍ത്താസമ്മേളനം നടത്തുന്ന ഏര്‍പ്പാട് ലീഗില്‍ മാത്രമാണുള്ളത്. ചാനല്‍ മൈക്ക് അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് കേടുവരുത്തുകയാണ്. ചാനലുകാര്‍ കേസ് കൊടുക്കാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിക്ക് ഒരു വക്താവിനെ വെക്കാന്‍ തയ്യാറാകണം. 

പാര്‍ട്ടിയുടെ ദേശീയ തലത്തിലെ പ്രവര്‍ത്തനം എന്ന് പറഞ്ഞ് ചിലര്‍ ഡല്‍ഹിയില്‍ പോയി കിടന്നുറങ്ങുകയാണ്. നാല് കമ്പിളിപ്പുതപ്പ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കൊടുത്താല്‍ ദേശീയ പ്രവര്‍ത്തനമാകില്ല. കുറഞ്ഞത് കര്‍ണാടകത്തിലെങ്കിലും പാര്‍ട്ടിയെ ഗൗരവത്തോടെ സംഘടിപ്പിക്കണം. ദേശീയ തലത്തിലും അന്തര്‍ദേശീയ വിഷയങ്ങളിലും പാര്‍ട്ടിക്ക് നയവും നിലപാടുമാണ് ആദ്യം രൂപീകരിക്കേണ്ടത്. സംഘപരിവാറിനോട് സമവായം പറ്റില്ല. യുഡിഎഫിന് ഭരണം കിട്ടാത്തതില്‍ ഞാന്‍ സന്തോഷവാനാണ്. കിട്ടിയിരുന്നെങ്കില്‍ ഇതുപോലെ കൂടിയിരിക്കുമായിരുന്നില്ല. ഏതെങ്കിലും മന്ത്രിയുടെ വീട്ടില്‍ സദ്യയും അടിച്ചു സൂപ്പിന്റെ മാഹാത്മ്യം പറയുന്ന തിരക്കിലാകും നമ്മള്‍. തോല്‍വി പഠിക്കാന്‍ പാര്‍ട്ടി സമിതിയെ നിശ്ചയിക്കണം. ഓരോ ജില്ലയിലും പോയി തെളിവെടുക്കണം.

പാര്‍ട്ടിക്ക് ഒരു സ്ട്രക് ചര്‍ ഉണ്ടാക്കണം. ഭരണഘടന ലീഗാപ്പീസിലും നമ്മള്‍ റോഡിലും എന്ന രീതി പറ്റില്ല. യൂത്ത് ലീഗില്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് ഒക്കെ ഉണ്ടായത് ഏത് ഭരണഘടന നോക്കിയാണ്. രണ്ട് തവണ ലീഗ് ഹൗസില്‍ വന്നാല്‍ വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗമാകുന്ന സ്ഥിതിയാണ്. പെണ്‍കുട്ടികളെയും സ്ത്രീകളെയും അഭിസംബോധന ചെയ്യാതെ പാര്‍ട്ടിക്ക് മുന്നോട്ടു പോകാനാകില്ല. 



കെ എസ് ഹംസ: ആറ് മാസമായി സംസ്ഥാന ഭാരവാഹി യോഗം കൂടിയിട്ടില്ല. പാര്‍ട്ടി കാര്യങ്ങളെല്ലാം ഉന്നതാധികാര സമിതിയിലെ പന്ത്രണ്ട് പേര്‍ മാത്രം തീരുമാനിക്കുകയാണ്. ചന്ദ്രികയുടെ അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിച്ചത് ഗുരുതര വിഷയമാണ്. ലീഗുകാരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രമായി ചന്ദ്രിക മാറി. ഹൈദരലി തങ്ങളെ ഇ.ഡി ചോദ്യം ചെയ്യുന്ന സ്ഥിതിയുണ്ടായി. തങ്ങളുടെ ആരോഗ്യ സ്ഥിതി മോശമാകാന്‍ കാരണം ഇതാണ്. പാണക്കാട് കുടുംബത്തെ ഇ.ഡി ചോദ്യം ചെയ്തതിലൂടെ തങ്ങളെയും പാര്‍ട്ടിയെയും കുഞ്ഞാലിക്കുട്ടി കൊലക്ക് കൊടുത്തു.

രാമനാട്ടുകരയില്‍ ചന്ദ്രികക്കായി വാങ്ങിയ ഭൂമിയുടെ നല്ല ഭാഗങ്ങള്‍ എങ്ങോട്ട് പോയി? ചന്ദ്രികക്ക് ലഭിച്ചത് കണ്ടല്‍ക്കാട് നിറഞ്ഞ ഭാഗമാണ്. ചന്ദ്രികയുടെയും ലീഗിന്റെയും ഫണ്ടില്‍ നിന്ന് എടുത്ത് വാങ്ങിയ ഭൂമിയാണത്. കുഞ്ഞാപ്പ മത്സരിച്ചത് കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോറ്റത്. കുഞ്ഞാലിക്കുട്ടി - അമീര്‍ -ഹസ്സന്‍ എന്ന എല്‍.ഡി.എഫ് പ്രചാരണത്തിന് അവസരമൊരുക്കിയത് ഈ നടപടിയാണ്. എല്‍.ഡി.എഫ് ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയെ സഹായിച്ചു. എന്നാല്‍ എല്‍.ഡി.എഫ് ഒരുക്കിയ കെണി കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചറിയാനായില്ല. അഞ്ച് വര്‍ഷത്തിനിടെ നാല് തവണ സത്യപ്രതിജ്ഞ ചെയ്ത കുഞ്ഞാലിക്കുട്ടിയുടെ നടപടി അപഹാസ്യമാണ്. 

ഭരണഘടനാപരമായ അധികാരമില്ലാത്ത സമിതിയാണ് ഉന്നതാധികാര സമിതി. അത് ഒഴിവാക്കണം. വര്‍ക്കിംഗ് കമ്മിറ്റിയുടെ അജണ്ട പോലെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള സെക്രട്ടേറിയറ്റിന്റെ അവകാശവും കവര്‍ന്നെടുക്കപ്പെടുകയാണ്. സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത് സുതാര്യമായല്ല. പേരാമ്പ്ര അടക്കം നാല് സീറ്റുകള്‍ പേമെന്റ് സീറ്റാണ്. തെക്കന്‍ കേരളത്തെ പാടെ അവഗണിച്ചു. ഒമ്പത് ജില്ലകളില്‍ നിന്ന് ഒരാള്‍ക്കും സീറ്റ് നല്‍കിയില്ല. 

പി.വി അബ്ദുല്‍ വഹാബ്: പാര്‍ട്ടി ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് എനിക്ക് ഒരു അറിവുമില്ല.

എം.സി മായിന്‍ഹാജി: ഉന്നതാധികാര സമിതി ഭരണഘടനയിലുള്ള ബോഡിയാണോ? ഇല്ല എന്നും ഉണ്ട് എന്നും കേള്‍ക്കുന്നു. അതില്‍ വ്യക്തത ഉണ്ടാക്കണം. സാമുദായിക പ്രശ്‌നങ്ങളില്‍ പാര്‍ട്ടി വ്യക്തമായ നിലപാടെടുക്കണം. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടക്കണം. സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടാകരുത്. ആര്‍ക്കെങ്കിലും ചാര്‍ജ് നല്‍കുന്നത് ശരിയല്ല. സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത വേണം. ഇടപാടുകള്‍ സുതാര്യമാകണം.

കെ.പി.എ മജീദ്: ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള ഇടപാടുകളെല്ലാം സുതാര്യമായാണ് നടത്തിയത്. എല്ലാത്തിനും കണക്ക് സൂക്ഷിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് പോലുള്ള കാര്യങ്ങള്‍ എനിക്കറിയില്ല.

പി.കെ ഫിറോസ്: പാര്‍ട്ടിക്കായി ഏറെ ത്യാഗങ്ങള്‍ സഹിച്ച നേതാവാണ് കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയല്ലാതെ ആര്‍ക്കാണ് പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയുള്ളത്. ഫണ്ട് കണ്ടെത്തുന്നത് ആരാണ്. ഫണ്ട് വാങ്ങി ഉപയോഗിക്കുന്നവര്‍ പണം എങ്ങനെ ഉണ്ടാകുന്നുവെന്ന് അന്വേഷിക്കാറുണ്ടോ. വേറെ ആരും അദ്ദേഹത്തെ സഹായിക്കുന്നില്ല. പാര്‍ട്ടിയിലും പുറത്തും കുഞ്ഞാലിക്കുട്ടിയെ വേട്ടയാടുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റത് കുഞ്ഞാലിക്കുട്ടി മടങ്ങി വന്നത് കൊണ്ടാണോ? ഉന്നതാധികാര സമിതിയിലുള്ളവര്‍ പാര്‍ട്ടി പദവികള്‍ പങ്കിട്ടെടുക്കുന്നു എന്ന വിമര്‍ശനം യൂത്ത് ലീഗ് യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ മാധ്യമങ്ങളില്‍ പരസ്യ അഭിപ്രായ പ്രകടനം നടത്തി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി .

നജീബ് കാന്തപുരം: യൂത്ത് ലീഗില്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് പദവി നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ മാത്രം ചര്‍ച്ചയാക്കുന്നത് ശരിയല്ല. കുഞ്ഞാലിക്കുട്ടി പാര്‍ട്ടിക്ക് ചെയ്ത സേവനങ്ങളെ മറന്ന് വിമര്‍ശിക്കുന്നത് ന്യായമല്ല.


അബ്ദുറഹ്‌മാന്‍ കല്ലായി: കെ.എസ് ഹംസ പറഞ്ഞത് ചന്ദ്രികയെ തകര്‍ക്കുന്ന കാര്യങ്ങളാണ്. ഹംസക്കെതിരെ ശക്തമായ നടപടി വേണം.

പി.കെ കുഞ്ഞാലിക്കുട്ടി: ഇത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ യോഗമല്ലെന്ന് കെ.എസ് ഹംസ മനസിലാക്കണം. ചന്ദ്രികയുടെ അക്കൗണ്ടില്‍ പത്ത് കോടി നിക്ഷേപിച്ചത് പത്രത്തിന് വേണ്ടി തന്നെയാണ്. പാര്‍ട്ടിയുടെ പണം കൊണ്ടല്ല ഞാന്‍ സമ്പന്നനായത്. പരമ്പരാഗതമായി എന്റെ കുടുംബം സ്വത്തുടമകളാണ്. എന്റെ മകനും നല്ല സമ്പത്തുണ്ട്. പാര്‍ട്ടി ഫണ്ടുണ്ടാക്കുന്നത് എങ്ങനെയെന്ന് ചിലര്‍ ചോദിക്കുന്നു. എനിക്ക് അതിനുള്ള മിടുക്കുണ്ട്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ചന്ദ്രിക അക്കൗണ്ടില്‍ വന്ന പണം ഇബ്രാഹിംകുഞ്ഞിന്റേതല്ല. ഹൈദരലി തങ്ങളെ ഇ.ഡി ചോദ്യം ചെയ്തിട്ടില്ല. അത്തരം പ്രചാരണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്.

കെ.എം ഷാജി വിമര്‍ശനങ്ങള്‍ നേര്‍ക്കുനേരെ പറഞ്ഞു. ചിലര്‍ പിന്നില്‍ നിന്ന് കുത്തിയിട്ടുണ്ട്. സംഘടന നടത്താന്‍ ഞാന്‍ കഷ്ടപ്പെടുകയാണ്. പുസ്തകം പഠിച്ചിട്ടല്ല ഞാന്‍ ലീഗായത്. പാരമ്പര്യമായി പാര്‍ട്ടിയില്‍ വന്നതാണ്. എന്റെ പേരില്‍ ഒരു പാട് കേസുണ്ട്. അഴിമതിക്കേസൊന്നുമില്ല. 

സാദിഖലി തങ്ങള്‍: വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകണം. അങ്ങനെ തന്നെ പോകും. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. തോല്‍വി പഠിക്കാനും മുന്നോട്ട് പോകേണ്ട വഴി നിര്‍ദേശിക്കാനും സമിതിയെ ചുമതലപ്പെടുത്തുന്നു.

ഭാരവാഹി യോഗത്തിലേക്ക് യൂത്ത്‌ലീഗ് പ്രസിഡണ്ടിനെയും ജനല്‍ സെക്രട്ടറിയെയും ക്ഷണിച്ചതിന്റെ യുക്തി ഒരു വിഭാഗം നേതാക്കള്‍ സാദിഖലി തങ്ങളോട് ചോദ്യം ചെയ്തു. യോഗത്തിന്റെ കത്തില്‍ ക്ഷണമില്ലാതിരുന്ന ഇരുവരും എങ്ങനെ പങ്കെടുത്തുവെന്ന ചോദ്യമാണ് ഉന്നയിച്ചത്. യൂത്ത് ലീഗ് നേതൃയോഗത്തില്‍ ലീഗ് നേതൃത്വത്തിനും കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വികാരം പക്ഷേ പി.കെ ഫിറോസിന്റെ പ്രസംഗത്തില്‍ ഉണ്ടായില്ല.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - എംകെ ഷുക്കൂര്‍

contributor

Similar News