'ഞാൻ ആരെയും ഉദ്ദേശിച്ചിട്ടില്ല'; സമസ്തയിലെ ചിലരെ സിപിഎം കയ്യിലെടുത്തെന്ന് പി.എം.എ.സലാം
"ഒരു മുശാവറ അംഗം തനിക്കെതിരെ മോശം പരാമർശം നടത്തി. ഇത്തരക്കാരെ തുറന്നെതിർക്കും" മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പി.എം.എ.സലാം ഇക്കാര്യം വ്യക്തമാക്കിയത്
കോഴിക്കോട്: സമസ്ത പ്രതിഷേധിച്ചതിനെ തുടർന്ന് വിവാദമായ പ്രസ്താവന ആരെയും ഉദ്ദേശിച്ചല്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. തട്ടം വിഷയത്തിൽ പ്രതികരിക്കാത്തവരെക്കുറിച്ച് പൊതുവിമർശനമായിരുന്നു. ഒരു വ്യക്തിയെയും ഉദ്ദേശിച്ചില്ലെന്നും പി.എം.എ.സലാം മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സമസ്തയിലെ ചിലരെ സി.പി.എം കൈയ്യിലെടുത്തു. അവർ ലീഗിനെ വിമർശിക്കാൻ സമസ്തയിലെ സ്ഥാനം ഉപയോഗികുന്നു. ഒരു മുശാവറഅംഗം തനിക്കെതിരെ മോശം പരാമർശം നടത്തി. ഇത്തരക്കാരെ തുറന്നെതിർക്കും. ലീഗിന് അധിക സീറ്റിന് അർഹതയുണ്ടെന്നും പി.എം.എ.സലാം പറഞ്ഞു.
സി.ഐ.സി ഉള്‍പ്പെടെ സമസ്തയുമായുളള തർക്കം തീർക്കാന്‍ ഇരുവിഭാഗത്തിലെയും നേതാക്കള്‍ ചർച്ചകള്‍ നടത്തി വരികയാണ്. എന്നാല്‍ സമവായ സാഹചര്യം ഉണ്ടാകുമ്പോഴെല്ലാം ഒരു വിഭാഗം സമസ്ത നേതാക്കള്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് ലീഗ് വിലയിരുത്തല്‍. പി.എം.എ.സലാമിന്റെ പരാമർശം വിവാദമാക്കിയതും സമസ്തയിലെ ഇടത് അനുകൂലികളാണെന്നും ലീഗ് കരുതുന്നു. ഈ സാഹചര്യത്തിലാണ് സമസ്തയെ അംഗീകരിച്ചുകൊണ്ടു തന്നെ അതിലെ ഇടത് അനുകൂലികള്‍ക്കെതിരെ കർശന നിലപാടെടുക്കാന്‍ ലീഗ് തീരുമാനിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായി കർശന സ്വരത്തിലുള്ള സാദിഖലി തങ്ങളുടെ വാക്കുകള്‍ ആ സൂചന നൽകി.
സമസ്തയിലെ ഇടത് അനുകൂല വിഭാഗത്തിന്റെ പിന്തുണ തെരഞ്ഞെടുപ്പില്‍ ലീഗ് പ്രതീക്ഷിക്കുന്നില്ല. അതിനാൽ അവരോട് നിലപാട് മയപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ലീഗ് കരുതുന്നു. മാത്രമല്ല സമസ്തയില്‍ ഭിന്നത വളർത്തികൊണ്ടുവരുന്നതില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന പ്രചരണം നടത്തുന്നത് രാഷ്ട്രീയമായ ഗുണം ചെയ്യുമെന്നും ലീഗ് വിശ്വസിക്കുന്നു. സമസ്തക്ക് വഴങ്ങുന്നുവെന്ന പ്രതീതി മറ്റു മുസ്‍ലിം സംഘടനകള്‍ക്കുണ്ടാക്കുന്ന അതൃപ്തി മറികടക്കാനും ഈ നിലപാട് സഹായിക്കുമെന്ന് ലീഗ് കരുതുന്നു. അതേസമയം, ലീഗിന്റെ ഈ നിലപാടിനെ സമസ്ത എങ്ങനെ സമീപിക്കും എന്നതനുസരിച്ചാകും ഈ തീരുമാനത്തിന്റെ പ്രതിഫലനമുണ്ടാവുക.