ശബരിമല ശ്രീകോവിലിനുള്ളിലെ ചോർച്ച; പരിഹരിക്കാനുള്ള ജോലികൾ നാളെ ആരംഭിക്കും
ഭിത്തിയിൽ നനവ് ഉണ്ടായത് വലിയ ചോർച്ച എന്ന നിലയിൽ പ്രചരിക്കുകയായിരുന്നു
പത്തനംതിട്ട: ശബരിമല ശ്രീകോവിലിനുള്ളിലെ ചോർച്ച പരിഹരിക്കാനുള്ള ജോലികൾ നാളെ തുടങ്ങും. അടുത്ത മാസ പൂജക്ക് മുൻപായി ചോർച്ച പൂർണമായി പരിഹരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു. ശ്രീകോവിലിനുള്ളിൽ സ്വർണ്ണ പാളികൾ സ്ഥാപിച്ചപ്പോൾ മുൻപ് ഉണ്ടായിരുന്ന പലകയിലെ ആണികൾ നീക്കം ചെയ്തതിൻ്റെ ദ്വാരങ്ങൾ അടച്ചിരുന്നില്ല. ഇവയിലുടെ ചോർച്ച ഉണ്ടാകാം എന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.സ്വർണ്ണ പാളികളുടെ വിടവ് നികത്താൻ ഉപയോഗിച്ച സിൽക്കോണിൻ്റെ ശേഷി നഷ്ടപ്പെട്ടതും ചോർച്ചയ്ക്ക് കാരണമായിരിക്കാം എന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
ശ്രീകോവിലിന് മുന്നിലെ കോടിക്കഴുക്കോലിൻറെ ഭാഗത്താണ് ചെറിയ ചോർച്ച കണ്ടെത്തിയത്. എന്നാൽ, ഭിത്തിയിൽ നനവ് ഉണ്ടായത് വലിയ ചോർച്ച എന്ന നിലയിൽ പ്രചരിക്കുകയായിരുന്നു. സ്വർണപാളികളിൽ കേടുപാടുകൾ കണ്ടെത്തിയിട്ടില്ല. ഇനി കണ്ടെത്തിയാലും പരിഹരിക്കാനുള്ള സനടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും അനന്തഗോപൻ വ്യക്തമാക്കി. ചോർച്ച കണ്ടെത്തിയ ഇടങ്ങളിൽ പുതിയ ജെൽ പയ്ക്കുകൾ സ്ഥാപിക്കും. പഴക്കിയ ആണികൾ മാറ്റി ചോർച്ച പൂർണമായി പരിഹരിക്കും . ഇതിന്റെ പ്രവർത്തികളാണ് നാളെ ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.