'ഇടതുപക്ഷത്തിന്‍റെ കപടമുഖം പുറത്തായി, 2 വർഷത്തെ ജയിൽ വാസം ഊർജം നൽകി'; താഹ ഫസല്‍
മുടങ്ങി പോയ പഠനം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും താഹ മനസ്സുതുറന്നു
തങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിലൂടെ ഇടതുപക്ഷത്തിന്‍റെയും സര്‍ക്കാരിന്‍റെയും കപടമുഖം പുറത്തായതായി പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതി താഹ ഫസല്‍. യു.എ.പി.എക്കെതിരെയെന്ന് പറയുന്ന ഇടതുപക്ഷം യു.എ.പി.എ ചുമത്തിയപ്പോള്‍ അവരുടെ കാപട്യം തുറന്നുകാട്ടപ്പെട്ടു. ഒരുപാടാളുകളുടെ പ്രയത്നഫലമായാണ് ജാമ്യം ലഭിച്ചത്. രണ്ട് വര്‍ഷത്തെ ജയിൽ വാസം ഊർജം നൽകിയതായും താഹ ഫസല്‍ മീഡിയവണിനോട് പറഞ്ഞു. രാജ്യത്ത് യു.എ.പി.എ ജനങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ജനങ്ങളും സമൂഹവും അതിനോട് ജാഗ്രത പുലര്‍ത്തണമെന്നും താഹ പറഞ്ഞു. മുടങ്ങി പോയ പഠനം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും താഹ മനസ്സുതുറന്നു.
കഴിഞ്ഞ ദിവസമായിരുന്നു താഹ ഫസലിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് താഹ പരമോന്നത കോടതിയെ സമീപിച്ചത്. മറ്റൊരു പ്രതി അലൻ ഷുഐബിന് അനുവദിച്ച ജാമ്യം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അജയ് റസ്തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി.
മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്രാജാണ് താഹക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമാണ് എന്നാണ് അദ്ദേഹം വാദിച്ചിരുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് എൻഐഎക്ക് വേണ്ടി ഹാജരായത്. നിരോധിത സംഘടനയിൽപ്പെട്ട യുവാക്കാൾക്ക് ജാമ്യം നൽകരുത് എന്നായിരുന്നു എൻഐഎയുടെ വാദം.
താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉമ്മ ജമീല പറഞ്ഞു. മകന്‍റെ പഠനം മുടങ്ങി. ജയിലിൽ പഠിക്കാൻ സൗകര്യമില്ലായിരുന്നു. നാട്ടുകാരായ പാർട്ടിക്കാരുടെ സഹായം ലഭിച്ചു. കൂടെ നിന്നവരോടെല്ലാം നന്ദിയുണ്ട്- അവർ കൂട്ടിച്ചേർത്തു. 2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.