ട്രെയിൻ തീവെപ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ
കേസ് ഈ മാസം 18ന് കോടതി പരിഗണിക്കും
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 1 കോടതിയിൽ ലീഗൽ എയ്ഡ് ചീഫ് ഡിഫൻസ് കൗൺസിൽ പി പീതാംബരനാണ് ജാമ്യാപേക്ഷ നൽകിയത്. പ്രതി ഷാരൂഖ് സെയ്ഫിക്കായി ആരും ഹാജരാകാത്ത സാഹചര്യത്തിലാണ് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ കോടതിയെ സമീപിച്ചത്. ഷാരൂഖിന്റെ കസ്റ്റഡി കാലാവധി തീരുന്ന ഈ മാസം 18 ന് ജാമ്യാപേക്ഷയും പരിഗണിക്കും. ഇന്ന് ഷാരൂഖിനെ തെളിവെടുപ്പിന് കൊണ്ടുപോയില്ല.
ഡൽഹിയിൽ നിന്ന് ഷാരൂഖ് സെയ്ഫി വന്നിറങ്ങിയ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ, പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പമ്പ് എന്നിവിടങ്ങളിൽ നാളെയെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ട്രെയിൻ ഇറങ്ങിയ ശേഷം ഷാരൂഖ് സെയ്ഫി 14 മണിക്കൂറിലേറെ ഷൊർണ്ണൂരിൽ ചെലവഴിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ സമയം എവിടെയായിരുന്നു, ആരുടെയെങ്കിലും സഹായം കിട്ടിയോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘത്തിനറിയാനുള്ളത്.
ആക്രമണം നടത്തിയ d1, d2 ബോഗികളുള്ള കണ്ണൂരിൽ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ആക്രമണത്തിൽ മറ്റാർക്കും പങ്കില്ലെന്ന മൊഴിയിൽ ഷാരൂഖ് സെയ്ഫി ഉറച്ച് നില്ക്കുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്. ചോദ്യം ചെയ്യൽ ഏഴാം ദിവസം പിന്നിട്ടിട്ടും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഷാരൂഖ് ഡൽഹിയിൽ നിന്നെത്തിയ സമ്പർക്ക്ക്രാന്തി ട്രെയിൻ കടന്ന് പോയ 15 സ്റ്റേഷനുകളിലെ സി സി ടി വി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭീകര വിരുദ്ധ സ്‌ക്വാഡും കോഴിക്കോട്ട് എത്തിയിരുന്നു.
Legal Aid Defense Counsel filed a bail application for Shahrukh Saifi, accused in the Elathur train arson case.