നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യില്ല; ഹൈക്കോടതി
മന്ത്രി വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ എംഎൽഎ എന്നിവരടക്കമുള്ള ആറുപ്രതികൾ പറഞ്ഞ സമയത്ത് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. 14ന് പ്രതികൾ കീഴ്‌ക്കോടതിയിൽ ഹാജരാകണം. കോടതിയിൽ ഹജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു.
മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ പ്രതികളായ നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ സെപ്റ്റംബർ 14ന് കീഴ്‌ക്കോടതിയിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാന്റേത് ആയിരുന്നു ഇടപെടൽ. ഹരജികൾ സെപ്റ്റംബർ 26ന് വീണ്ടും പരിഗണിക്കും. മന്ത്രി വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ എംഎൽഎ എന്നിവരടക്കമുള്ള ആറുപ്രതികൾ പറഞ്ഞ സമയത്ത് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
നേരത്തെ കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ കോടതിയിൽ ഹാജരാകണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികൾ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കീഴ്കോടതി അന്തിമ താക്കീത് എന്ന നിലയിൽ സെപ്റ്റംബർ 14ന് ഹാജരാകാൻ നിർദേശിച്ചത്. ഇതിനെതിരെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.