പുലിപ്പേടിയില്‍ വയനാട് പൊഴുതന; ജനവാസമേഖലയിൽ ഇറങ്ങിയ പുലി പശുവിനെ കടിച്ചുകൊന്നു
പൊഴുതന പഞ്ചായത്തിലെ അച്ചൂർ ആറാംമൈലിൽ മുഹമ്മദിന്‍റെ ഒന്നര വയസ് പ്രായമുള്ള പശുവിനെയാണ് പുലി കൊന്നു ഭക്ഷിച്ചത്
Update: 2022-04-08 08:05 GMT
വയനാട്‍: വയനാട് പൊഴുതനയിൽ പുലി ഇറങ്ങി. ജനവാസമേഖലയിൽ ഇറങ്ങിയ പുലി പശുവിനെ കടിച്ചുകൊന്നു. പൊഴുതന പഞ്ചായത്തിലെ അച്ചൂർ ആറാംമൈലിൽ മുഹമ്മദിന്‍റെ ഒന്നര വയസ് പ്രായമുള്ള പശുവിനെയാണ് പുലി കൊന്നു ഭക്ഷിച്ചത്. വീടിനോട് ചേർന്ന വയൽ പ്രദേശത്ത് മേയാൻ വിട്ട പശുവിനെ ബുധനാഴ്ചയോടെ കാണാതായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഈ പ്രദേശത്തു നിന്ന് 250 മീറ്റർ മാറി, പാതി ഭക്ഷിച്ച നിലയിൽ പശുവിന്‍റെ ജഡം കണ്ടെത്തി.
പോസ്റ്റുമോർട്ടം നടപടികൾക്കായി പ്രദേശത്തു തന്നെ സൂക്ഷിച്ച ജഡത്തിൽ നിന്ന് ഇന്നലെ രാത്രി വീണ്ടും വന്യജീവികൾ ഭക്ഷിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച പ്രദേശത്ത് രണ്ടു നായകളെയും പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.