'തള്ളിമറിക്കാനില്ല, ചില ചിന്തകൾ മനസ്സിലുണ്ട്'; ഫലം വരട്ടെയെന്ന് കൃഷ്ണകുമാർ

ജനങ്ങളുടെ വേദനയും പ്രയാസങ്ങളും കണ്ടിരിക്കണം എന്ന നിർബന്ധമുള്ളതു കൊണ്ടാണ് കുടുംബത്തെ പ്രചാരണത്തിൽ കൂടെ കൂട്ടിയത്

Update: 2021-04-30 09:45 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്നാലും രാഷ്ട്രീയത്തിൽ കാണുമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ. തള്ളി മറിക്കാനില്ലെന്നും ചില ചിന്തകൾ മനസ്സിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ പരിപാടിയായ 'കന്നിയങ്കത്തിൽ' സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ.

ഫലം എന്തായാലും ഇവിടെയൊക്കെ കാണില്ലേ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് 'ഫലം വരട്ടെ, നമുക്ക് മുമ്പിൽ സ്മൃതി ഇറാനി എന്നൊരു സഹോദരിയുണ്ട്. അവർ ഫലം നോക്കിയില്ല. അവരവിടെ ജോലി ചെയ്തു. അതിനുള്ള ഫലം അഞ്ചു വർഷം കഴിഞ്ഞപ്പോൾ അവർക്ക് കിട്ടി. ചില ചിന്തകൾ മനസ്സിലുണ്ട്' എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

ആദ്യമായി മത്സരരംഗത്തിറങ്ങിയ ഓർമകൾ കൃഷ്ണകുമാർ പങ്കുവച്ചു. 'ഒരു സ്‌കൂൾ തെരഞ്ഞെടുപ്പിൽ പോലും നിന്നിട്ടില്ല. മറ്റുള്ളവരെ ജയിപ്പിക്കാൻ പോകുന്ന ആളായിരുന്നു ഞാൻ. പ്രചാരണം വലിയ ഇഷ്ടമായിരുന്നു. തെരഞ്ഞെടുപ്പിലെ മത്സരം ജീവിതത്തിൽ ആദ്യത്തെ അനുഭവമാണ്. ഇത്രയധികം ആളുകളുമായി കുറഞ്ഞ സമയത്ത് ഇടപെടാനായി' - അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ വേദനയും പ്രയാസങ്ങളും കണ്ടിരിക്കണം എന്ന നിർബന്ധമുള്ളതു കൊണ്ടാണ് കുടുംബത്തെ പ്രചാരണത്തിൽ കൂടെ കൂട്ടിയതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. 'ഞാൻ പോലും ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടു. അവരുടെ പ്രയാസങ്ങൾ എന്റെ കുഞ്ഞുങ്ങളും അറിഞ്ഞിരിക്കട്ടെ. അവരിൽ അഹങ്കാരം വളരാതിരിക്കാൻ ഇത്തരം കാഴ്ചകൾ കണ്ടു പോകണം' - കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. 

Full View

ത്രികോണ മത്സരം കണ്ട തിരുവനന്തപുരം

ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് കൃഷ്ണകുമാറിന് പുറമേ, കോൺഗ്രസിനായി വിഎസ് ശിവകുമാർ, എൽഡിഎഫിനായി ആന്റണി രാജു എന്നിവരാണ് കളത്തിലുള്ളത്. തുടർച്ചയായ മൂന്നാമൂഴത്തിലാണ് ശിവകുമാർ ജനവിധി തേടുന്നത്.

നഗരം, തീരദേശം എന്നിങ്ങനെയായി വിഭജിച്ചു കിടക്കുന്ന മണ്ഡലത്തിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും ശക്തി കേന്ദ്രങ്ങളുണ്ട്. അതു കൊണ്ടു തന്നെ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ നടന്നതും.

ശിവകുമാർ ജയിച്ച 2016ൽ 36.99 ശതമാനം വോട്ടാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിന് 28.31 ശതമാനം വോട്ടും എൻഡിഎയ്ക്ക് 27.67 ശതമാനം വോട്ടും കിട്ടി. കഴിഞ്ഞ തവണ എൻഡിഎയ്ക്കായി ക്രിക്കറ്റ് താരം എസ് ശ്രീശാന്താണ് മത്സരരംഗത്തുണ്ടായിരുന്നത്. 34,764 വോട്ടുകൾ ശ്രീശാന്തിന് കിട്ടിയപ്പോൾ രണ്ടാം സ്ഥാനത്തു വന്ന ആന്റണി രാജുവിന് കിട്ടിയത് 35,569 വോട്ടാണ്. ശിവകുമാറിന് 46474 വോട്ടു കിട്ടി. 10905 വോട്ടിനായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ജയം. 2011ലെ 5352 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശിവകുമാർ പത്തായിരത്തിലേക്ക് ഉയർത്തിയത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News