ജീവൻരക്ഷാ ഇൻഷുറൻസ് പദ്ധതി; സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉയർത്തി

അപകടമരണത്തിന്‌ 15 ലക്ഷം രൂപയും സ്വാഭാവിക മരണത്തിന്‌ അഞ്ചുലക്ഷം രൂപയുമാണ് പരിരക്ഷ. വാർഷിക പ്രീമിയത്തിൽ മാറ്റമില്ലാതെയാണ് തുക ഉയർത്തിയത്.

Update: 2023-11-18 10:09 GMT
Advertising

തിരുവനന്തപുരം: സംസ്ഥാന ഇൻഷുറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മൂലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവനഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. അപകടമരണത്തിന്‌ 15 ലക്ഷം രൂപയാണ്‌ പരിരക്ഷ. സ്വാഭാവിക മരണത്തിന്‌ അഞ്ചുലക്ഷം രൂപയും. അപകടത്തെ തുടർന്ന്‌ പൂർണമായും കിടപ്പിലാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും.

80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമുണ്ടാകും. 60 മുതൽ 80 ശതമാനം വരെ വൈകല്യത്തിന്‌ 75 ശതമാനവും നാൽപതു മുതൽ അറുപത്‌ ശതമാനം വരെ വാഗ്‌ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും. അപകടത്തിൽ കൈ, കാൽ, കാഴ്‌ച, കേൾവി നഷ്ടങ്ങൾക്കും പരിരക്ഷ ഉണ്ടാകും. വാഗ്‌ദത്ത തുകയുടെ 40 മുതൽ 100 ശതമാനം വരെയാണ്‌ നഷ്ടപരിഹാരം ഉറപ്പാക്കുക. കൈവിരലുകളുടെ നഷ്ടത്തിന്‌ ഏത്‌ വിരൽ, എത്ര ഭാഗം എന്നത്‌ കണക്കാക്കിയാണ്‌ നഷ്ടപരിഹാരം നിശ്ചയിക്കുന്നത്‌. കാൽ വിരലുകളുടെ നഷ്ടത്തിന്‌ പത്തു ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ്‌ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കായാണ്‌ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌. വാർഷിക പ്രീമിയത്തിൽ മാറ്റമില്ല.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News