ലൈഫ് മിഷൻ: ശിവശങ്കറിനെതിരെ തെളിവുണ്ടെന്ന് ഇ.ഡി
കേസ് ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചത്
കൊച്ചി: ലൈഫ്മിഷൻ കോഴ ഇടപാടു കേസിൽ എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡിയുടെ സത്യവാങ്മൂലം. ശിവശങ്കറുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ പരിഗണിക്കവേ ശക്തമായ വാദങ്ങൾ ഇ.ഡി ഇന്ന് ഹൈക്കോടതിയിൽ ഉയർത്തിയിരുന്നു. കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചത്.
സ്വപ്‌നസുരേഷിന്റെ വാട്‌സ് ആപ്പ് ചാറ്റും സന്തോഷ് ഈപ്പന്റെ ബാങ്ക് ഇടപാടുകളുമുൾപ്പടെ കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളുമുണ്ടെന്നാണ് ഇ.ഡിയുടെ വാദം.തെളിവുകളുണ്ടായിട്ടും ശിവശങ്കർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നുമാണ് ഇ.ഡിയുടെ പക്ഷം. മാത്രമല്ല, അന്വേഷണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര തീരുമാനമെടുക്കാൻ ഇ.ഡിക്ക് അധികാരമുണ്ടെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നു.
സത്യവാങ്മൂലം സമർപ്പിച്ചതിന് ശേഷം ഹൈക്കോടതി ഹരജിയിൽ വാദം കേട്ടിരുന്നു. ഇതിൽ ശിവശങ്കറിനെതിരെ രണ്ട് കേസായി രജിസ്റ്റർ ചെയ്യുന്നതിന്റെ ആവശ്യകത കോടതി ചോദിച്ചിട്ടുണ്ട്. സ്വേർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ കേസുള്ളതും ലൈഫ്മിഷൻ കേസും കോടതി ചൂണ്ടിക്കാട്ടി.
ശിവശങ്കറിനെതിരായ സ്വർണ്ണക്കടത്ത് കേസും, ലൈഫ് മിഷൻ കോഴ ഇടപാട് കേസും വ്യത്യസ്തമാണെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് അഡീഷണൽ സോളിസിറ്റർ ജനറലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നാമത്തേത് കള്ളക്കടത്തും, രണ്ടാമത്തേത് കൈക്കൂലി കേസുമാണ്. സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം ലഭിച്ചത് ഈ കേസിൽ പരിഗണിക്കേണ്ടതില്ല. ഇടപാടുകൾ രണ്ടിലും വ്യത്യസ്തമാണ്. സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം ലഭിച്ചത് ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തെന്നും ഇ.ഡി അറിയിച്ചു. രണ്ട് കേസുകളും വ്യത്യസ്തമാണ് എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി.