'ഓപ്പറേഷൻ ഡ്രഗ്സ് ക്വാളിറ്റി': മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന.
ചില മരുന്നുകമ്പനികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോര്‍ വഴി വിറ്റഴിക്കാന്‍ ശ്രമിക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു
സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ വിജിലൻസിന്‍റെ വ്യാപക പരിശോധന. ഡ്രഗ്സ് കൺട്രോളറുടെയും ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തില്‍ മരുന്ന് പരിശോധന ലാബുകളിലാണ് പരിശോധന നടന്നത്. ഇന്ത്യന്‍ മരുന്നു കമ്പനികളും വിദേശ മരുന്നു കമ്പനികളും ചേര്‍ന്ന് സംസ്ഥാനത്ത് വിറ്റഴിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം, ലഭ്യത, വിതരണം എന്നിവ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന. ചില മരുന്നുകമ്പനികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോര്‍ വഴി വിറ്റഴിക്കാന്‍ ശ്രമിക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇത് തടയുന്നതിന്‍റെ ഭാഗമായാണ് വിജിലന്‍സ് മിന്നല്‍ പരിശോധന. ഓപ്പറേഷൻ ഡ്രഗ്സ് ക്വാളിറ്റി എന്ന പേരിലാണ് പരിശോധന നടന്നത്.
ഇന്ന് രാവിലെ 11 മണിമുതല്‍ തിരുവനന്തപുരം ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിലും, ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളിലും തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മരുന്ന് പരിശോധനാ ലാബുകളിലുമാണ് ഒരേ സമയം മിന്നല്‍ പരിശോധന നടത്തിയത്.
തിരുവനന്തപുരം മരുന്ന് പരിശോധന ലാബില്‍ 2017 വര്‍ഷത്തില്‍ 90 സാമ്പിളുകളും, 2018 വര്‍ഷത്തില്‍ 75 സാമ്പിളുകളും, 2019 വര്‍ഷത്തില്‍ 74 സാമ്പിളുകളും, 2020 വര്‍ഷത്തില്‍ 54 സാമ്പിളുകളും, 2021 വര്‍ഷത്തില്‍ ഇതുവരെ 39 സാമ്പിളുകളും ഗുണനിലവാരം കുറഞ്ഞവയാണെന്ന് കണ്ടെത്തി. എറണാകുളം മരുന്ന് പരിശോധന ലാബില്‍ 2020-21 വര്‍ഷത്തില്‍ 114 സാമ്പിളുകള്‍ ഗുണനിലവാരം കുറഞ്ഞവയാണെന്ന് കണ്ടെത്തി.
കോട്ടയം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞ കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ഒരു വര്‍ഷത്തോളം കാലതാമസം വരുന്നതായി വിജിലന്‍സിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ ഇന്ന് നടത്തിയ മിന്നല്‍പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റഴിച്ച മരുന്ന് കമ്പനികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സാധ്യത ഉണ്ടായിട്ടും നടപടി സ്വീകരിച്ച് കാണുന്നില്ലെന്നും ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കുന്നതിന് കാലതാമസം വരുന്നതായും അതിനോടകം അവയില്‍ പലതും വിറ്റു പോകുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി.
കണ്ണൂര്‍ അസിസ്റ്റന്‍റ് ഡ്രഗ്സ് കണ്‍ട്രോളറുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിറ്റഴിച്ച മരുന്നു കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലായെന്നും കുറ്റക്കാര്‍ക്കെതിരെ ചെറിയ ശിക്ഷാനടപടികള്‍ മാത്രം സ്വീകരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. വയനാട് ജില്ലയില്‍ നിന്നും 2015 മുതല്‍ 2021 വരെ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിറ്റഴിച്ച കമ്പനികള്‍ക്കെതിരെ നടപടികള്‍ ആവശ്യപ്പെട്ടു കൊണ്ട് അയച്ച ഫയലുകളില്‍ ചിലതില്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലായെന്നും വിജിലന്‍സ് കണ്ടെത്തി.
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടും കമ്പനികൾക്കെതിരെ നിയമ നടപടി എടുക്കുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി. കമ്പനികൾക്കെതിരെ ഡ്രഗ്സ് ഇൻസ്പെക്ടർമാർ എടുത്ത നടപടികളെ പറ്റി വിശദമായ അന്വേഷണത്തിനും വിജിലൻസ് തീരുമാനിച്ചു.