മദ്യനയം: കേരളത്തെ അരാജകവൽകരിക്കുന്ന സർക്കാർ പദ്ധതി - എം.ഐ. അബ്ദുൽ അസീസ്
കേരളത്തിൽ മദ്യമൊഴുക്കും എന്ന ധാർഷ്ട്യമാണ് സർക്കാറിന്. മദ്യവർജനം നയമായി സ്വീകരിച്ച സർക്കാർ ഐ.ടി അടക്കം പുതിയ മേഖലകളിലേക്കും പുതിയ മദ്യോൽപാദന രീതികളിലേക്കും പ്രവേശിക്കുന്ന നയം സ്വീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കോഴിക്കോട്: ഐ.ടി പാർക്കുകളിലും ടൂറിസം മേഖലകളിലും ബാർ അനുവദിക്കാനും അടച്ചിട്ട മദ്യവിൽപനശാലകൾ തുറക്കാനും അനുമതി നൽകുന്ന സംസ്ഥാന സർക്കാറിന്റെ മദ്യനയം കേരളത്തിന്റെ യുവതലമുറയെ ക്രിമിനൽവൽകരിക്കുന്നതും ഭാവിയെ അരാജകമാക്കിത്തീർക്കുന്നതുമായ സർക്കാർ പദ്ധതിയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. മദ്യനയമടക്കം സമീപകാലങ്ങളിലെ സർക്കാർ നടപടികൾ ജനങ്ങളുടെ സ്വസ്ഥജീവിതത്തെ തകർക്കുന്ന സ്വഭാവത്തിലുള്ളതാണ്. കേരളത്തിൽ മദ്യമൊഴുക്കും എന്ന ധാർഷ്ട്യമാണ് സർക്കാറിന്. മദ്യവർജനം നയമായി സ്വീകരിച്ച സർക്കാർ ഐ.ടി അടക്കം പുതിയ മേഖലകളിലേക്കും പുതിയ മദ്യോൽപാദന രീതികളിലേക്കും പ്രവേശിക്കുന്ന നയം സ്വീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മദ്യത്തിനടിപ്പെട്ടവരും മദ്യപാനികളും കേരളത്തിന്റെ സൈ്വര്യജീവിതത്തെ അപകടപ്പെടുത്തുന്ന സാഹചര്യം വർധിച്ചുവരികയാണ്. കേരളത്തിലെ ക്രിമിനൽകേസുകളിൽ വലിയൊരു വിഭാഗം മദ്യപാനികൾ സൃഷ്ടിക്കുന്നതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും ഗാർഹിക പീഡനങ്ങളും പുതിയ തലമുറയിലും കൂടുതൽ വ്യാപിക്കാൻ മാത്രമേ സർക്കാർ നിലപാട് സഹായകരമാവൂ. ഐ.ടി മേഖലയിൽ കേരളം നേടിയ വളർച്ച പിറകോട്ടടിക്കാൻ മദ്യനയം കാരണമാകും. കേരളത്തെ തകർക്കുന്ന മദ്യനയത്തിൽ നിന്ന് സർക്കാർ പിൻമാറണം. മദ്യനയത്തിനെതിരെ മത, രാഷ്ട്രീയ, സ്ത്രീ സംഘടനകളോടും പ്രസ്ഥാനങ്ങളോടും ഒന്നിച്ചുനിന്ന് ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്നും എം.ഐ അബ്ദുൽ അസീസ് പറഞ്ഞു.