ആലുവയില്‍ എൽ.കെ.ജി വിദ്യാർഥിനി സ്‌കൂൾ ബസിൽനിന്ന് തെറിച്ചുവീണു
ബസിന്റെ എമർജൻസി വാതിൽ വഴിയാണ് റോഡിലേക്ക് വീണത്
ആലുവ: എൽ.കെ.ജി വിദ്യാർഥിനി സ്‌കൂൾ ബസിൽനിന്ന് തെറിച്ചുവീണു. ആലുവ സ്വദേശി യൂസുഫിന്റെ മകൾ ഫൈസ ഫാത്തിമയാണ് ബസിന്റെ എമർജൻസി വാതിൽ വഴി റോഡിൽ വീണത്. പിറകെ വന്ന ബസ് ബ്രേക്കിട്ടതിനാൽ ദുരന്തം ഒഴിവായി. വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. പെങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്‌കൂളിന്റെ ബസിൽനിന്നാണ് അപകടം ഉണ്ടായത്. പൈങ്ങാട്ടുശ്ശേരി ജങ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്.
വീഴുന്നത് കണ്ട നാട്ടുകാരാണ് ഓടിയെത്തി കുട്ടിയെ എടുത്തത്. സാരമായ പരിക്കില്ലെന്ന് കണ്ടതിനെ തുടർന്ന് തിരികെ ബസിൽ കയറ്റിവിടുകയായിരുന്നു. സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം എടത്തല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പോലും പ്രവേശിപ്പിക്കാതെ വീട്ടിലേക്ക് എത്തിച്ചെന്ന് കുടുംബം പരാതിയില്‍ പറയുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ കുട്ടി മലമൂത്രവിസര്‍ജനം നടത്തിയെന്നും അതുപോലും നോക്കാതെ ബസില്‍ കയറ്റിവിടുകയുമായിരുന്നെന്ന് കുടുംബം പറയുന്നു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് നടുവേദനയും ചതവുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് സ്ഥിരീകരിച്ചതായി പരാതിയില്‍ പറയുന്നു. സ്കൂള്‍ അധികൃതരോ ബസ് ഡ്രൈവറോ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറാകാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.