കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ്; പരാതിയുമായി റിസോർട്ട് ഉടമ
തൃശൂർ പാണഞ്ചേരിയിലെ രായിരത്ത് റിസോർട്ട് ഉടമ സുധാകരൻ രായിരത്താണ് കുട്ടനെല്ലൂർ സഹകരണ ബാങ്കിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.
തൃശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ് നടന്നതായി റിസോർട്ട് ഉടമയുടെ പരാതി. റിസോർട്ട് പണയപ്പെടുത്തി ബാങ്ക് ഉടമ എടുത്ത വായ്പക്ക് പുറമേ ഉടമ അറിയാതെ ഒരു കോടിയോളം രൂപ അധിക വായ്പ എടുത്തെന്നാണ് ആരോപണം. തൃശൂർ പാണഞ്ചേരിയിലെ രായിരത്ത് റിസോർട്ട് ഉടമ സുധാകരൻ രായിരത്താണ് കുട്ടനെല്ലൂർ സഹകരണ ബാങ്കിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.
റിസോർട്ട് വാങ്ങാൻ എത്തിയ മാള സ്വദേശി റിസോർട്ടിന്റെ പേരിലുള്ള 70 ലക്ഷം രൂപയുടെ വായ്പ കുട്ടനെല്ലൂർ സഹകരണ ബാങ്കിലേക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൂന്നരക്കോടി രൂപയ്ക്കായിരുന്നു റിസോർട്ട് വിൽക്കാൻ ധാരണ. വലിയ കച്ചവടമായതിനാൽ വാങ്ങാൻ വന്നയാളുടെ ആവശ്യ പ്രകാരം 70 ലക്ഷം രൂപയുടെ വായ്പ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് എടുത്തു. റിസോർട്ട് വാങ്ങാനെത്തിയ അനിലിന്റേയും ഭാര്യയുടേയും പേരിൽ അൻപതു ലക്ഷം രൂപയും റിസോർട്ട് ഉടമയായ സുധാകരന്റെ പേരിൽ പത്തു ലക്ഷം രൂപയുമാണ് കുട്ടനെല്ലൂർ സഹകരണ ബാങ്ക് വായ്പയായി അനുവദിച്ചത്. റിസോർട്ടിന്റെ രേഖകളാണ് വായ്പക്ക് ഈടായി നൽകിയത്. പിന്നീട് റിസോർട്ട് വിൽപനയ്ക്കു മുമ്പ് കുടിക്കട സർട്ടിഫിക്കറ്റ് എടുത്തപ്പോഴാണ് ഒരു കോടി രൂപയുടെ അധിക വായ്പ ശ്രദ്ധയിൽപ്പെട്ടതെന്ന് സുധാകരൻ പറയുന്നു.
ക്രമക്കേടിനെതിരെ പൊലീസിനും സഹകരണ വകുപ്പിനും പരാതി നൽകിയെങ്കിലും ആരും ഇടപ്പെട്ടില്ല. സി.പി.എം ഭരിക്കുന്ന ബാങ്കായതിനാൽ പാർട്ടി ജില്ലാകമ്മിറ്റി ഓഫിസിലും പരാതി പറഞ്ഞു. ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഇടപെട്ട് മധ്യസ്ഥത പറഞ്ഞുവെങ്കിലും മൂന്ന് കോടി രൂപ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ബാങ്ക് ജപ്തി നോട്ടിസയച്ചതായും സുധാകരൻ പറയുന്നു. ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ ജപ്തി നടപടിക്ക് താൽക്കാലിക സ്റ്റേ കിട്ടിയിട്ടുണ്ട്. മുൻ എം.എൽ.എ അനിൽ അക്കരയ്ക്കൊപ്പമായിരുന്നു പരാതിക്കാരൻ വാർത്താസമ്മേളനം വിളിച്ചത്.