ഇടുക്കി ചിന്നക്കനാലിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പന്തം കൊളുത്തി പ്രകടനവുമായി നാട്ടുകാർ
കുടിയേറ്റക്കാരെ കൈയ്യേറ്റക്കാരാക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് പ്രതിഷേധം
ഇടുക്കി: ചിന്നക്കനാലിലെ കൈയ്യേറ്റം ഒഴിപ്പിക്കലിനെതിരെ വ്യാപക പ്രതിഷേധം. സിങ്ക് കണ്ടത്ത് നാട്ടുകാർ പന്തം കൊളുത്തി പ്രകടനം നടത്തി. കുടിയേറ്റക്കാരെ കൈയ്യേറ്റക്കാരാക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇന്ന് രാവിലെ കയ്യേറ്റം ഒഴിപ്പിച്ചതിന് പിന്നാലെ ചിന്നക്കനാലിലെ സിങ്ക് കണ്ടം, മൂന്നൂറ്റി കോളനി ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് വൈകീട്ടോടുകൂടി പ്രതിഷേധക്കാർ പന്തം കൊളുത്തി പ്രകടനം നടത്തിയത്.
പ്രദേശത്തെ ജനങ്ങളെ അകാരണമായി ഭീതിയിലാക്കുന്നു. കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു. ഈ പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. കൂടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും വേർതിരിക്കുന്ന നടപടിക്രമങ്ങൾ ആദ്യമുണ്ടാകണം അതിന് ശേഷമായിരിക്കണം ഒഴിപ്പിക്കൽ നടപടികളിലേക്ക് നീങ്ങേണ്ടത്. ചിന്നകനാലിൽ വലിയ രീതിയിലുള്ള കയ്യേറ്റങ്ങൾ നടക്കുന്നുണ്ട് ഇവരെയൊന്നും ഒഴിപ്പിക്കാതെ സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടിയാണിപ്പോൾ ദൗത്യം സംഘം സ്വീകരിക്കുന്നത്.
ഈ പ്രദേശങ്ങളിൽ റീസർവെ നടത്തണം, പട്ടയത്തിനായി കാലങ്ങളായി അപേക്ഷ കൊടുത്തിട്ടുള്ളതാണ്. എന്നാൽ മാറി വരുന്ന സർക്കാരുകൾ ഇക്കാര്യത്തിൽ അനുകൂലമായ നടപടികളെടുക്കാത്തതിനാലാണ് തങ്ങൾ കയ്യേറ്റക്കാരുടെ പട്ടികയിൽ വന്നത്. കാലങ്ങളായി പ്രദേശത്ത് കൃഷിചെയ്ത് താമസിച്ച് ഉപജീവനം നടത്തി വരുന്നവരാണ് തങ്ങൾ അതുകൊണ്ട് തന്നെ ഈ പ്രദേശം വിട്ടു പോവുകയെന്നത് പ്രയാസമുള്ള കാര്യമാണ്. കയ്യേറ്റമുണ്ടെങ്കിൽ അത് ഒഴിപ്പിക്കുന്നതിന് തടസ്സമില്ല, എന്നാൽ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.