ലോക്ഡൗണ്‍ രണ്ടാം ദിവസത്തില്‍: ഇന്ന് മുതല്‍ പൊലീസ് പാസ് നിര്‍ബന്ധം
പൊലീസിന്റെ പാസ് നല്‍കുന്നതിനായുള്ള വെബ്സൈറ്റ് നിലവില്‍ വന്നതോടെ ഇന്ന് മുതല്‍ പാസ് നിര്‍ബന്ധമാകും.
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ രണ്ടാം ദിവസത്തില്‍. കര്‍ശന പൊലീസ് പരിശോധന തുടരും. തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുന്നതിന് ഇന്ന് മുതല്‍ പൊലീസിന്റെ പാസ് നിർബന്ധമാണ്.
കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് കടന്നത്. ഞായറാഴ്ച ദിവസമായ ഇന്നും ജില്ലാ അതിര്‍ത്തി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കര്‍ശന പരിശോധനയാകും നടക്കുക. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. ആദ്യ ദിനം പൊലീസ് പാസ് സംവിധാനം ഇല്ലാതിരുന്നതിനാല്‍ സത്യവാങ്മൂലം പരിശോധിച്ചാണ് അത്യാവശ്യ യാത്രകള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ പൊലീസിന്റെ പാസ് നല്‍കുന്നതിനായുള്ള വെബ്സൈറ്റ് നിലവില്‍ വന്നതോടെ ഇന്ന് മുതല്‍ പാസ് നിര്‍ബന്ധമാകും.
ദിവസ വേതനക്കാര്‍ ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖ ഇല്ലാത്ത തൊഴിലാളികള്‍ക്ക് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം. അതേ സമയം അനാവശ്യ യാത്ര നടത്തുന്നവരെയും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. ഗ്രാമീണ മേഖലകളില്‍ കൂടി പൊലീസ് പട്രോളിംഗും പരിശോധനയും ശക്തമാക്കും. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വില്പന നടത്തുന്ന കടകള്‍ക്ക് 7.30 വരെ പ്രവര്‍ത്തിക്കാം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലിക്ക് എത്തുന്നതിനായുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തുടരും. ഇന്നലെ നിര്‍മാണ തൊഴിലാളികളെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പാസ് സംവിധാനം നിലവില്‍ വന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാകും.