ലോക്ഡൗണിൽ ഇളവില്ല; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരും
ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാർഥനയ്ക്ക് ഇളവില്ല
സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരും. ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാർഥനയ്ക്ക് ഇളവില്ല. ഇന്നു ചേർന്ന അവലോകന യോഗത്തിന്‍റേതാണ് തീരുമാനം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തുശതമാനത്തിൽ കുറയാത്ത പശ്ചാത്തലത്തിലാണ് ഇളവ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്.
നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്ന കാര്യം ചർച്ച ചെയ്യാനായിരുന്നു ഇന്ന് അവലോകന യോഗം ചേർന്നത്. എന്നാൽ, ടിപിആർ കുറയാത്തതിനാൽ കൂടുതൽ ഇളവുകൾ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. പത്തു ശതമാനത്തിൽനിന്ന് അഞ്ചുശതമാനത്തിലേക്ക് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഒന്നര മാസത്തോളം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടിപിആർ കുറയാത്തത് കാര്യമായ ആശങ്കയുണ്ടാക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
വാരാന്ത്യ ലോക്ക്ഡൗൺ നാളെയും പതിവുപോലെ തുടരും. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേരും. അന്നത്തെ അവലോകത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.
ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി ചർച്ചുകൾക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സഭാനേതൃത്വം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചെറിയ ഇളവുകൾ വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, പള്ളികളിൽ ഇപ്പോൾ ആളുകൾ കൂട്ടത്തോടെയെത്തുന്നത് രോഗ്യതീവ്രത കൂടാനിടയാക്കും. 15 പേരില്‍ കൂടാത്ത പ്രാര്‍ഥനകള്‍ ആകാം. കൂടുതൽ പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥനകൾ അനുവദിക്കാൻ കഴിയില്ലെന്നുമുള്ള പൊതുവിലയിരുത്തലാണ് അവലോകന യോഗത്തിലുണ്ടായത്.