പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി; മുൻ മന്ത്രി കെകെ ശൈലജക്കെതിരെ ലോകായുക്ത അന്വേഷണം
ഇടപാടുകൾ സുതാര്യമായിരുന്നുവെന്ന് കെ കെ ശൈലജ പ്രതികരിച്ചു.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഇടപാടിൽ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ ലോകായുക്ത അന്വേഷണം.... ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചു.
കോവിഡിന്റെ തുടക്ക കാലത്ത് പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് മുന്‍മന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്വേഷണം. 450 രൂപ വിലയുള്ള പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതില്‍ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം.
പ്രാഥമികമായ പരിശോധനകള്‍ക്ക് ശേഷമാണ് ലോകായുക്ത ഹരജി ഫയലില്‍ സ്വീകരിച്ചത്.. ശൈലജയെ കൂടാതെ ആരോഗ്യ സെക്രട്ടറിയായിരുന്ന രാജന്‍ ഘോബ്രഗഡേ, മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുന്‍ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാര്‍, മുന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരുടെ ഹരജിയിലാണ് ലോകായുക്ത നടപടി..
കോവിഡ് അഴിമതി ആരോപണം ഉയര്‍ന്ന ഘട്ടത്തിലൊക്കെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്.. അസാധാരണ കാലത്തെ അസാധാരണ നടപടിയെന്നായിരുന്നു നിമയസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി... കോവിഡ് പ്രതിരോധ മാതൃകയില്‍ പ്രശംസിക്കപ്പെട്ട ഇടതു സര്‍ക്കാരിനെയും ശൈലജയെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമായാണ് ഇതിനെ കാണുന്നത്..
എന്നാല്‍ ഇടപാടുകൾ സുതാര്യമായിരുന്നുവെന്നും പ്രതിപക്ഷ ആരോപണങ്ങളെ ഭയപ്പെടുന്നില്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു.