കോട്ടയത്തെ പാറമടയിൽ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

18 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ ഉപയോഗിച്ച് പാറക്കുളത്തിൽ നിന്ന് ലോറി ഉയർത്തിയത്.

Update: 2022-03-12 13:51 GMT
Advertising

കോട്ടയം മറിയപ്പള്ളിയിൽ പാറക്കുളത്തിൽ വീണ ലോറിയിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാല സ്വദേശി അജികുമാറാണ് മരിച്ചത്. 18 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ ഉപയോഗിച്ച് പാറക്കുളത്തിൽ നിന്ന് ലോറി ഉയർത്തിയത്. അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവർത്തനം ആരംഭിച്ചെങ്കിലും പാറക്കുളത്തിലെ ചെളിയിൽ ലോറി താഴ്ന്ന് പോയതോടെ രക്ഷപ്രവർത്തനം ദുസഹമാകുകയായിരുന്നു.

പുലർച്ചെ മൂന്ന് മണിവരെ കഠിന പരിശ്രമമാണ് നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയത്. രണ്ട് വലിയ ക്രെയിനുകൾ ചങ്ങനാശേരിയിൽ നിന്നും കൊണ്ടുവന്നു. രണ്ടുമണിയോടെ ലോറിയിൽ കയർകെട്ടി ഉയർത്താൻ നീക്കം ആരംഭിച്ചു. പക്ഷേ കയർപൊട്ടി... പിന്നീട് മൂന്നേമുക്കാലോടെ നടത്തിയ രണ്ടാമത്തെ ശ്രത്തിൽ ലോറി പാറക്കുളത്തിൽ നിന്നും ഉയർത്തി. തുടർന്ന് ഡ്രൈവർക്ക് വേണ്ടിയുള്ള തെരച്ചിൽ... അധികം താമസിക്കാതെ ഡ്രൈവർ സീറ്റിൽ നിന്ന് തന്നെ അജികുമാറിന്‍റെ മൃതദേഹവും കണ്ടെത്തി.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് അപകടം ഉണ്ടായത്. മറിയപ്പള്ളി മുട്ടത്തെ വളം ഡിപ്പോയിൽ നിന്നും വളം കയറ്റിയ ലോറി ആലപ്പുഴയിലേക്ക് പോകാൻ തുടങ്ങവെയാണ് പാറക്കുളത്തിലേക്ക് മറിഞ്ഞത്. പാറശാല സ്വദേശിയാണ് മരിച്ച അജികുമാർ. ഇദ്ദേഹം വർഷങ്ങളായി ഇവിടെ വളം എടുക്കാൻ ലോറിയുമായി വരാറുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News