പരീക്ഷാ പേപ്പറുകൾ കാണാതായ സംഭവം; കാലടി സർവകലാശാലയിൽ ഫലപ്രഖ്യാപനം വൈകുന്നു
പരീക്ഷ പേപ്പർ കാണാതായി 10 ദിവസം കഴിഞ്ഞിട്ടും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ അധികൃതർക്കായിട്ടില്ല. മൂന്നാം സെമസ്റ്ററിലെ 276 പരീക്ഷാ പേപ്പറുകളാണ് കാണാതായിരിക്കുന്നത്.
കാലടി സംസ്‌കൃത സർവകലാശാലയിൽ പി.ജി സംസ്‌കൃത സാഹിത്യത്തിലെ പരീക്ഷാ പേപ്പറുകൾ കാണാതായ സംഭവത്തിൽ വിദ്യാർഥികൾ ആശങ്കയിൽ. ഫലപ്രഖ്യാപനം വൈകുന്നത് ഉപരിപഠനത്തിന് തടസമാകുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. പരീക്ഷ പേപ്പർ കാണാതായി 10 ദിവസം കഴിഞ്ഞിട്ടും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ അധികൃതർക്കായിട്ടില്ല. മൂന്നാം സെമസ്റ്ററിലെ 276 പരീക്ഷാ പേപ്പറുകളാണ് കാണാതായിരിക്കുന്നത്.
62 വിദ്യാർത്ഥികളുടെ പേപ്പറുകളാണ് ഇങ്ങനെ കാണാതായിരിക്കുന്നത്. ഈ പേപ്പറുകളുടെ മാർക്കുകൾ കൂട്ടിയിട്ട് വേണം അവസാന വർഷ റിസൽറ്റ് പ്രഖ്യാപിക്കുവാൻ. പേപ്പറുകള്‍ കാണാതെ പോയതോടെ ഫലപ്രഖ്യാപനം വൈകുകയാണ്. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ വിദ്യാർത്ഥികളെ വൈസ് ചാൻസിലറുടെ മുറിയിലേക്ക് കയറ്റി വിട്ടില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. വിഷയത്തിൽ വിദ്യാർഥികൾ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പരീക്ഷാ മൂല്യനിർണയ ചെയർമാൻ ഡോ. കെ എ സംഗമേശനെ സർവകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. പരീക്ഷാ പേപ്പറുകൾ കാണാതായ സംഭവത്തക്കുറിച്ചന്വേഷിക്കാൻ സർവകലാശാല മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ഒപ്പം പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.