ലവ് ജിഹാദ് പരാമർശം: ജോർജ് എം തോമസിന് പരസ്യശാസന
കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ ജോര്‍ജ് എം.തോമസ് എടുത്ത നിലപാട് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നടപടി.
കോഴിക്കോട്: ലവ് ജിഹാദ് പരാമർശത്തിൽ മുൻ എം.എൽ.എ ജോർജ് എം തോമസിന് പരസ്യശാസന. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. കോടഞ്ചേരി മിശ്രവിവാഹത്തില്‍ പാര്‍ട്ടി വിരുദ്ധ നിലപാടെടുത്ത ജോര്‍ജ് എം.തോമസിനെതിരെ സിപിഎം നടപടിയെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ ജോര്‍ജ് എം.തോമസ് എടുത്ത നിലപാട് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നടപടി. വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാന്‍ നീക്കം നടക്കുന്നതായി പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു ജോര്‍ജ് എം.തോമസിന്റെ പരാമര്‍ശം.
പാര്‍ട്ടി തള്ളിപ്പറഞ്ഞ ലവ് ജിഹാദ് യാഥാര്‍ഥ്യമാണെന്ന തരത്തിലുള്ള ഈ പരാമര്‍ശം ബിജെപി ഉള്‍പ്പെടെയുള്ളവര്‍ അയുധമാക്കുകയായിരുന്നു. ജോര്‍ജ് എം.തോമസിന്റെ വാക്കുകള്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ളവർ തള്ളി. തുടർന്ന് തനിക്കുണ്ടായ നാക്കുപിഴയാണെന്ന് ജോര്‍ജ് ഏറ്റുപറഞ്ഞെങ്കിലും നടപടിയുമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം.
അവസാനം സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ജോർജ് എം തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് വ്യക്തമാക്കി. സംഭവം കൈവിട്ട് പോയതോടെ കോടഞ്ചേരി അങ്ങാടിയിൽ നടത്തിയ വിശദീകരണയോഗത്തിൽ ജോർജ് എം തോമസ് തെറ്റ് ഏറ്റുപറഞ്ഞിരുന്നു.
Summary- Cpim Action Against George M. Thomas