പഠനം മുടക്കി അധ്യാപക പരിശീലനം; എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ പരിശീലനം സ്‌കൂൾ സമയത്ത്
എ.ഇ.ഒ മാർക്ക് ഉള്ള മേഖല പരിശീലനം വൈകിയതാണ് ബി.ആർ.സി തലത്തിലെ പരിശീലനം വൈകാൻ കാരണം
പാലക്കാട്: സ്‌കൂളുകളിലെ പഠനം മുടക്കി അധ്യാപകർക്ക് എൽ.എസ്.എസ്,യു.എസ്.എസ് പരീക്ഷ പരിശീലനം നൽകുന്നു. ക്ലാസുകൾ നഷ്ടപ്പെടുത്തുന്ന രീതിയിൽ അധ്യാപക പരിശീലനം പാടില്ലെന്ന് പൊതുവിദ്യാഭാസ ഡയറക്ടറുടെ മൂന്ന് സർക്കുലറുകൾ നിലവിലുണ്ട്. എന്നാൽ പഠന സമയത്താണ് അധ്യാപകർക്ക് ബി.ആർ.സികൾ പരിശീലനം നൽകുന്നത്. ഇതൊടെ അധ്യാപകരില്ലാതെ വിദ്യാർഥികൾ വെറുതെ ക്ലാസിലിരിക്കേണ്ട അവസ്ഥയാണ്.
ശനി, ഞായർ അല്ലെങ്കിൽ അവധി ദിവസങ്ങളിലാണ് പരിശീലനം നടത്തേണ്ടത്. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്കായുള്ള പരിശീലനമാണ് ഇപ്പോൾ നടത്തുന്നത്. 25 ാം തിയ്യതിയാണ് പരീക്ഷ. പരീക്ഷയുടെ ഉത്തരവ് മാസങ്ങൾക്ക് മുമ്പ്് ഇറങ്ങിയെങ്കിലും എ.ഇ.ഒ മാർക്കുള്ള പരിശീലനം വൈകി. ഇരുപതാം തിയ്യതിയാണ് എറണാകുളം മേഖല പരിശീലനം നടന്നത്. ഇതോടെ ബി.ആർ.സി പരിശീലനം സ്‌കൂൾ പഠന സമയത്ത് നൽകേണ്ടി വരുന്നു.
അധ്യാപകർക്ക് നൽകുന്ന ഈ ക്യൂബ് പരിശീലനം വേനൽ അവധിക്ക് പൂർത്തിയാക്കണം. എന്നാൽ ഇപ്പോഴും ക്ലാസ് സമയത്ത് ഈ ക്യൂബ് പരിശീലനം നടക്കുന്നുണ്ട്. സർക്കാർ ഉത്തരവുകൾ ഉദ്യോഗസ്ഥർ തന്നെ അട്ടിമറിക്കുന്നതിലൂടെ വിദ്യാർഥികളുടെ പഠന സമയമാണ് നഷ്ടമാകുന്നത്.