സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ലഖ്നോ ജില്ലാകോടതി ഇന്ന് പരിഗണിക്കും

ഇഡി കേസിലെ ജാമ്യാപേക്ഷയിലെ വിധി ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്

Update: 2022-10-31 01:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലഖ്നൗ: മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാകോടതി ഇന്ന് പരിഗണിക്കും. ഇഡി കേസിലെ ജാമ്യാപേക്ഷയിലെ വിധി ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. ഹാത്രസ് ബലാത്സംഗ കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിൽ 2020 ലാണ് കാപ്പൻ യുപി പൊലീസിന്‍റെ പിടിയിലാകുന്നത്. യുഎപിഎ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല.പല തവണ മാറ്റി വച്ച ശേഷമാണ് ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം 9 ന് സുപ്രിംകോടതി യു.എ.പി.എ കേസിൽ സിദ്ധിഖ് കാപ്പന് ജാമ്യം നൽകിയിരുന്നു. എന്നാൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ജഡ്ജി ലീവ് ആയതിനെ തുടർന്ന് ലഖ്‌നോ കോടതി രണ്ട് തവണ ജാമ്യാപേക്ഷ മാറ്റിവെക്കുകയായിരുന്നു.

ഹാഥ്റസില്‍ കലാപമുണ്ടാക്കാൻ പോപുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഇതിനായി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാലു പേർ നിയോഗിക്കപ്പെട്ടെന്നാണ് ഇ.ഡിയുടെ ആരോപണം. ഇവർക്ക് 1 കോടി 36 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചെന്നും ഇ.ഡി ആരോപിക്കുന്നു. ഡൽഹി കലാപത്തിലും പോപുലർ ഫ്രണ്ടിന് പങ്കുളളതായി ഇ.ഡി കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലുണ്ട്.വിദേശത്തു നിന്ന് പണമെത്തിയത് റൌഫ് ശെരീഫെന്ന പോപുലര്‍ ഫ്രണ്ട് നേതാവ് വഴിയാണെന്ന് ഇ.ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം പോപുലര്‍ ഫ്രണ്ട് ഉപയോഗിച്ചെന്നും ഇ.ഡി ലഖ്നൌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News