നവകേരള സദസ്സിനുള്ള ആഡംബര ബസ്; മുഖ്യമന്ത്രിക്കുള്ള പ്രത്യേക കാബിൻ ഒഴിവാക്കി
ആഡംബര ബസിനകത്ത് മുഖ്യമന്ത്രിക്കായി 360 ഡിഗ്രി കറങ്ങുന്ന കസേര, ബാത്ത് റൂം, മിനി കിച്ചൺ എന്നിവയും ഒരുക്കിയിട്ടുണ്ട്
തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമായുള്ള ആഡംബര ബസിൽ നിന്ന് മുഖ്യമന്ത്രിക്കുള്ള പ്രത്യേക കാബിൻ ഒഴിവാക്കി. സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് കാബിൻ ഒഴിവാക്കിയത്.
ആഡംബര ബസിനകത്ത് മുഖ്യമന്ത്രിക്കായി 360 ഡിഗ്രി കറങ്ങുന്ന കസേര, ബാത്ത് റൂം, മിനി കിച്ചൺ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബസിനകത്തേക്ക് പ്രവേശിക്കാൻ എലവേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള സ്റ്റിക്കറുകളാണ് ബസിന് പുറത്ത് ഒട്ടിച്ചിരിക്കുന്നത്. തെയ്യം, വടക്കുംനാഥ ക്ഷേത്രം, ബേക്കൽ കോട്ട, ആലപ്പുഴ ഹൌസ് ബോട്ട് തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളുടെ ചിത്രങ്ങളും ഇതിൽ ഉള്‍പ്പെടും.
കണ്ണൂരിൽ നേരത്തെ ബസ് എത്തിയിരുന്നെങ്കിലും ബസിലെ സ്റ്റിക്കർ ഒട്ടിച്ചതിൽ പോരായ്മ അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ബംഗളൂരുവിൽ എത്തിച്ച് പെയിന്‍റ് ചെയ്യുകയായിരുന്നു. ബംഗളൂരുവിൽ നിന്നും ബസ് കാസർകോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. ലാൽ ബാഗിന് സമീപമുള്ള കണ്ണപ്പാ ഗ്യാരേജിലായിരുന്നു ബസ്. ഇന്ന് രാവിലെ ഗ്യാരേജിൽ എത്തിയ ബസ് അവസാന മിനുക്കു പണിക്ക് ശേഷമാണ് വീണ്ടും കേരളത്തിലേക്ക് തിരിച്ചത്. ബസിനെ അനുഗമിക്കാൻ മറ്റൊരു വോള്‍വോ ബസ് കൂടി തയാറാക്കിയിട്ടുണ്ട്.
കോൺട്രാക്ട് ക്യാരേജ് പെർമിറ്റിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കെ.എസ്.ആർ.ടി.സിയുടെ ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കും. സർക്കാരിനും സർക്കാർ നിർദേശിക്കുന്ന വിവിഐപി കൾക്കും ബസ് ആവശ്യപെടുമ്പോൾ വിട്ടു നൽകണം.മറ്റ് കോൺട്രാക്ട് ക്യാരേജ് ബസുകൾക്കുള്ള നിയമങ്ങൾ നവകേരള ബസിന് ബാധകമല്ലെന്നും സർക്കാർ ഉത്തരവിറക്കി. ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളർ കോഡ് ബാധകമല്ല. പുറത്ത് നിന്നുള്ള വൈദ്യുതിയിൽ എ.സി പ്രവർത്തിപ്പിക്കുകയും ഇൻവർട്ടർ ഉപയോഗിക്കുകയും ചെയ്യാം.
നാളെ വൈകീട്ട് പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് നവകേരള സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും വിശദീകരിക്കുകയും ജനങ്ങളുമായി നേരിട്ട് സംവദിക്കുകയുമാണ് നവകേരള സദസ്സിന്റെ ലക്ഷ്യം.
ഓരോ നിയോജക മണ്ഡലത്തിലും നടക്കുന്ന നവകേരള സദസ്സില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും ഭാവി പരിപാടികളും സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിക്കും.