ലൈഫ് മിഷൻ കോഴ; ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക.കീഴ്ക്കോടതി ജാമ്യം തള്ളിയതിനെതിരെയാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.
വെള്ളിയാഴ്ച ഹരജി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പി.എം.എല്‍.എ കേസുകൾ പരിഗണിക്കുന്ന കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നുമാണ് ശിവശങ്കറിന്റെ ആരോപണം. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ് എം. ശിവശങ്കര്‍. കേസിൽ തനിക്കെതിരെ അന്വേഷണ സംഘം ഉന്നയിക്കുന്നത് മൊഴികൾ മാത്രമാണെന്നും എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്മെെന്‍റ് തന്നെ തെറ്റായി പ്രതി ചേർക്കുകയായിരുന്നെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. ഒന്‍പത് ദിവസം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചെന്നും ശിവശങ്കർ പറഞ്ഞു. എന്നാൽ ശിവശങ്കർ അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇ.ഡി കോടതിയില്‍ പറഞ്ഞത്.