കോൺഗ്രസിനെ കോസ്മിക് ശക്തികൾ തന്നെ രക്ഷിക്കട്ടെ!- കെ. സുധാകരനെതിരെ എം.എ. ബേബി
''ഇന്നത്തെ കോൺഗ്രസ് നെഹ്റുവിനെ പാടെ മറന്ന് 'ഡോ.' സുധാകരന്റെ വഴിക്കാണ്'
കഴിഞ്ഞ ദിവസം പിടിയിലായ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കേ കെ. സുധാകരനെതിരേ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.
കേരളത്തിലെ കോൺഗ്രസിനെ കോസ്റ്റമറ്റോളജി ചികിത്സ തേടിയ കെ. സുധാകരൻ നയിക്കുന്നത് തീർത്തും അർഥപൂർണമാണെന്ന് അദ്ദേഹം പരിഹസിച്ചു. മരണാസന്നമായ ഒരു സംഘടനയ്ക്കു മേൽ സൗന്ദര്യലേപന തൈലങ്ങളല്ലാതെ വേറെന്താണ് പുരട്ടുക? എന്ന് അദ്ദേഹം ചോദിച്ചു.
''ഇന്നത്തെ കോൺഗ്രസ് നെഹ്റുവിനെ പാടെ മറന്ന് 'ഡോ.' സുധാകരന്റെ വഴിക്കാണ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും സികെ ഗോവിന്ദൻ നായരും ഒക്കെ ഇരുന്ന സ്ഥാനത്ത്, മാറിയ കാലത്ത് ആ നിലവാരം പ്രതീക്ഷിക്കുന്നത് യുക്തിസഹമല്ല. പക്ഷേ, മാറ്റം ഇത്തരത്തിലാകാമോ?'' എംഎ ബേബി ചോദിച്ചു.
''ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ കെപിസിസി പ്രസിഡന്റ്് നേരിട്ടു കുറ്റപ്പെടുത്തുന്നു. ശരിയാണ്, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ആവശ്യമായ ചികിത്സാ സൗകര്യം ഏർപ്പെടുത്താതെ വന്നതിനാലാണല്ലോ അദ്ദേഹത്തിന് 'കോസ്മിക്' ചികിത്സ വേണ്ടി വന്നത്! കോൺഗ്രസിനെ കോസ്മിക് ശക്തികൾ തന്നെ രക്ഷിക്കട്ടെ!''- അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കെ സുധാകരൻ കെപിസിസി അധ്യക്ഷൻ ആയപ്പോൾ കോൺഗ്രസുകാർക്ക് ഞാൻ ഒരു മുന്നറിയിപ്പ് നല്കിയിരുന്നു. അതവർ അവഗണിച്ചു. പക്ഷേ, ഇന്നെനിക്കു തോന്നുന്നത് കേരളത്തിലെ കോൺഗ്രസിനെ "കോസ്മറ്റോളജി" ചികിത്സ നേടിയ കെ സുധാകരൻ നയിക്കുന്നത് തികച്ചും അർത്ഥപൂർണമാണ് എന്നാണ്. ഒരു വ്യാജഡോക്ടറുടെ വ്യാജശാസ്ത്രത്തിൻറെ സൌന്ദര്യവർധക ചികിത്സ തന്നെയാണ് ഇന്ന് കോൺഗ്രസിന് ആവശ്യം. മരണാസന്നമായ ഒരു സംഘടനയ്ക്കു മേൽ സൌന്ദര്യലേപന തൈലങ്ങളല്ലാതെ വേറെന്താണ് പുരട്ടുക?
ശാസ്ത്രാവബോധത്തെക്കുറിച്ച് (Scientific Temper) എന്നും ഊന്നിപ്പറഞ്ഞിരുന്ന ജവഹർലാൽ നെഹ്രുവിൻറെ ചരിത്രമുള്ള പാർടിയാണിത്. കേരളത്തിലെ കോൺഗ്രസിനെ ബാധിച്ചുവെന്ന് ഹൈക്കമാൻഡ് മുതൽ വിഎം സുധീരൻ വരെ സമ്മതിക്കുന്ന അസുഖങ്ങളുടെ പരിഹാരക്രിയയ്ക്ക് പറ്റിയ ഭിഷഗ്വരനാണ് "ഡോ." സുധാകരൻ എന്ന പിസിസി അധ്യക്ഷൻ എന്നു ഞാൻ തിരുത്തുന്നു. ഇന്നത്തെ കോൺഗ്രസ് നെഹ്രുവിനെ പാടെ മറന്ന് "ഡോ." സുധാകരൻറെ വഴിക്കാണ്.
പട്ടാപ്പകൽ തട്ടിപ്പിന് ഡോക്ടറേറ്റുണ്ടെങ്കിൽ അതിന് സർവധാ യോഗ്യനായ ഒരാളുമായുള്ള ബന്ധത്തിന് പിസിസി അധ്യക്ഷൻറെ ന്യായീകരണമാണ് വിചിത്രം. ഇപ്പോഴും കെ സുധാകരൻ അയാളെ ഡോക്ടർ എന്നാണ് വിളിക്കുന്നതും. അയാളുടെ വീട്ടിൽ എത്രതവണ പോയി എന്നതിന് കണക്കില്ല. പത്തുദിവസം "കോസ്മിക്" ചികിത്സയ്ക്ക് വിധേയനായിട്ടുണ്ട്! "കോസ്മറ്റോളജിസ്റ്റി"ൻറെ"കോസ്മിക്" ചികിത്സയ്ക്ക് പോകുന്ന വിധം പ്രതിഭാശാലിയായ ഈ മഹാൻ കേരളത്തിലെ കോൺഗ്രസിനെ എവിടെ എത്തിക്കും എന്ന് കോൺഗ്രസുകാർ ഇനിയെങ്കിലും ആലോചിക്കുക. ഇത്തരം കോസ്മിക് ചികിത്സയിലൂടെയാവും കേരളത്തിലെ കോൺഗ്രസിൻറെ ആരോഗ്യവും ഇദ്ദേഹം നന്നാക്കാൻ പോകുന്നത്.
ഒരു കാര്യം വ്യക്തമാക്കേണ്ടതാവാശ്യമാണ്. ഈ തട്ടിപ്പുകാരനുമായി ഇദ്ദേഹം ചില ഫോട്ടോകളിൽ കാണപ്പെടുന്നതല്ല പ്രശ്നം. ആരുമായും ചില ഫോട്ടോകൾ തരപ്പെടുത്താൻ തട്ടിപ്പുകാർക്ക് പ്രത്യേകകൌശലം ഉണ്ടാവും. ഇവിടെ സംഭവിച്ചത് അതല്ല. എണ്ണമറ്റ തവണ ആ വീട്ടിൽ പോയി, താമസിച്ച് "കോസ്മിക്" ചികിത്സയ്ക്ക് വിധേയനായിട്ടും ഈ പ്രമുഖന് ഒരിക്കലും ഒരു സംശയവും ഈ തട്ടിപ്പിനെക്കുറിച്ച് തോന്നിയില്ല എന്നത് യുക്തിഭദ്രമല്ല.
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും സികെ ഗോവിന്ദൻ നായരും ഒക്കെ ഇരുന്ന സ്ഥാനത്ത്, മാറിയ കാലത്ത് ആ നിലവാരം പ്രതീക്ഷിക്കുന്നത് യുക്തിസഹമല്ല. പക്ഷേ, മാറ്റം ഇത്തരത്തിലാകാമോ? ഇത്രമാത്രം ആകാമോ? അതിലും രസകരം, ഇതുമായി ബന്ധപ്പെട്ടും ചില ശക്തികൾക്കെതിരെ അദ്ദേഹം ഗർജിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കെപിസിസി പ്രസിഡൻറ് നേരിട്ടു കുറ്റപ്പെടുത്തുന്നു. ശരിയാണ്, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ആവശ്യമായ ചികിത്സാസൌകര്യം ഏർപ്പെടുത്താതെ വന്നതിനാലാണല്ലോ അദ്ദേഹത്തിന് "കോസ്മിക്" ചികിത്സ വേണ്ടി വന്നത്! കോൺഗ്രസിനെ കോസ്മിക് ശക്തികൾ തന്നെ രക്ഷിക്കട്ടെ!