'കോൺഗ്രസ് എന്നും ജന്മി - മുതലാളി കൂട്ടുകെട്ടിന്റെ രാഷ്ട്രീയ പാർട്ടി'- എംഎ ബേബി

'സവർക്കർക്കെതിരായ വിമർശനം അവസാനിപ്പിക്കുന്നതിന് രാഹുലിനെ കുറ്റം പറയണ്ട, കോൺഗ്രസിന്റെ വർഗസ്വഭാവത്തിന്റെ പ്രശ്‌നമാണിത്'

Update: 2023-03-29 16:38 GMT
Editor : abs | By : Web Desk

എംഎ ബേബി

Advertising

കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സവർക്കറെ വിമർശിക്കുന്നത് രാഹുൽ ഗാന്ധി നിർത്തിയെന്നാണ് പുതിയ വാർത്തയെന്നും കോൺഗ്രസിന്റെ വർഗസ്വഭാവത്തിന്റെ പ്രശ്‌നമാണിതെന്നും എം.എ ബേബി പറഞ്ഞു. കോൺഗ്രസ് എന്നും ജന്മി മുതലാളി കൂട്ടുകെട്ടിന്റെ പാർട്ടിയാണെന്നും എം.എ ബേബി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബേബിയുടെ വിമർശനം.

ഫേസ്ബുക്ക് പോസ്റ്റ്

സവർക്കർക്കെതിരായ വിമർശനം രാഹുൽ ഗാന്ധി അവസാനിപ്പിച്ചു എന്നാണ് പത്രവാർത്ത. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ എതിർപ്പിനെ തുടർന്നാണത്രെ ഇത്. കോൺഗ്രസിന്റെ വർഗസ്വഭാവത്തിൻറെ പ്രശ്‌നമാണ് ഇത്. രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ ഒരു കുഴപ്പമല്ല. കോൺഗ്രസ് എന്നും ജന്മി മുതലാളി കൂട്ടുകെട്ടിന്റെ രാഷ്ട്രീയ പാർടി ആണ്. അവർക്ക് ഈ യാഥാസ്ഥിതിക വോട്ട് ബാങ്കിനെ അവഗണിക്കാൻ ആവില്ല. അതുകൊണ്ടാണ് ശിവസേനയോടുപോലും ഒത്തുതീർപ്പ് ഉണ്ടാക്കുന്ന മൃദു ഹിന്ദുത്വനയം സ്വീകരിക്കാൻ കോൺഗ്രസ് പ്രേരിതമാകുന്നത്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് എന്ന പോലെ ശക്തമായ ഇടതുപക്ഷ സ്വാധീനം ഉള്ളപ്പോൾ മാത്രമേ കോൺഗ്രസ് പുരോഗമന നയങ്ങൾ സ്വീകരിച്ചിട്ടുള്ളൂ. ബിജെപിയെ നേരിടാൻ കേരളത്തിലും കോൺഗ്രസിന് വോട്ട് ചെയ്താൽ പോരേ എന്ന് ചോദിക്കുന്ന സുഹൃത്തുക്കൾ ഉണ്ട്. അവർക്കുള്ള ഉത്തരം ആണ് രാഹുൽ ഗാന്ധിയുടെ മേൽ ശിവസേനയുടെ നിയന്ത്രണം! ശക്തമായ ഇടതുപക്ഷം ഇല്ലാത്ത ബിജെപി വിരുദ്ധപക്ഷം ശിവസേന നിയന്ത്രിക്കുന്ന ഫ്യൂഡൽ രാഷ്ട്രീയ മുന്നണി ആയിരിക്കും. സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചു എന്നുമാത്രമല്ല, ബ്രിട്ടീഷുകാരുടെ പെൻഷനും വാങ്ങി അവരുടെ സേവകനായി ജീവിച്ചു. ഒന്നല്ല, അഞ്ചു വട്ടം മാപ്പപേക്ഷിച്ചു. ബ്രിട്ടീഷ് സർക്കാരിന്റെ സേവകനായി ജീവിച്ചു കൊള്ളാം എന്ന് ആവർത്തിച്ച് പറയുകയും ചെയ്യുകയും ചെയ്തു. മഹാത്മാഗാന്ധി വധത്തിൽ പ്രതി ആയിരുന്നു. ആ ഗൂഢാലോചന തെളിയിക്കപ്പെടാതെ പോയതുകൊണ്ട് മാത്രമാണ് സവർക്കർ ശിക്ഷിക്കപ്പെടാതെ പോയത്.

Full View

എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിന് പിന്നാലെ 'മാപ്പ് പറയാൻ എന്റെ പേര് സവർക്കറല്ല' എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. സവർക്കർ ഞങ്ങളുടെ ദൈവമാമെന്നും അദ്ദേഹത്തെ അപഹസിക്കുന്നത് സഹിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 'ഞങ്ങളുടെ ദൈവത്തെ അപമാനിക്കുന്നത് നിർത്തുക. ഇല്ലെങ്കിൽ പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാകുമെന്നും അദ്ദേഹം പഞ്ഞു.''ഈ രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് നമ്മൾ ഒരുമിച്ചത്. എന്നാൽ വിള്ളലുകൾ സൃഷ്ടിക്കുന്ന പ്രസ്താവനകൾ നടത്തരുത്. ബിജെപി നിങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ സമയം നമുക്കിടയിൽ വിള്ളലുണ്ടായാൽ നമ്മുടെ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് പോകുമെന്നാണ് എനിക്ക് രാഹുലിനോട് പറയാനുള്ളത്.' ഉദ്ധവ് താക്കറെ പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News