'ജനങ്ങളോട് പറയുന്നതുപോലെ, ജനങ്ങൾ പറയുന്നതും കേൾക്കണം'; വിമർശനവുമായി എം.എ ബേബി
'ആവശ്യമായ തിരുത്തലുകൾ ക്ഷമാപൂർവം കൈക്കൊള്ളണം'
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കടുത്ത വിമർശനവുമായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ജനങ്ങളോട് പറയുന്നതുപോലെ ജനങ്ങൾ പറയുന്നതും കേൾക്കണം, തിരുത്തലുകൾ ക്ഷമാപൂർവ്വം കൈകൊണ്ടില്ലെങ്കിൽ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ ആകില്ലെന്നും എം.എ ബേബി 'പച്ചക്കുതിര' മാസികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പിലെ കനത്ത തോൽവി മറികടക്കാൻ തിരുത്തൽ രേഖ തയ്യാറാക്കുന്നതിന് സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വങ്ങൾ അടുത്താഴ്ചയാണ് ചേരുന്നത്. യോഗങ്ങൾക്ക് മുൻപേ തന്നെ വിമർശനം ആവർത്തിക്കുകയാണ് മുതിർന്ന നേതാക്കൾ. ഇപ്പോൾ പാർലമെൻ്റിലുള്ളത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ്, നിരാശ പരത്തുന്ന അവസ്ഥയാണിത്. സിപിഎം സ്വാധീനത്തിൽ നിന്ന് പോലും ബി.ജെ.പിക്ക് വോട്ട് ചോർന്നത് ഉത്കണ്ഠാജനകമാണന്നും ബേബി പറയുന്നു.
ആവശ്യമായ തിരുത്തലുകൾ ക്ഷമാപൂർവം കൈക്കൊള്ളണം, അല്ലെങ്കിൽ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ ആകില്ല. ബഹുജന സ്വാധീനത്തിൽ ചോർച്ചയും ഇടിവും സംഭവിച്ചു. വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നങ്ങളായിട്ടുണ്ടോയെന്ന് പരിശോധിക്കണെമെന്നാണ് എം.എ ബേബി ആവശ്യപ്പെടുന്നത്.