മഅ്ദനി ഇനി കേരളത്തിൽ; തിരുവനന്തപുരത്ത് വിമാനമിറങ്ങി

നീതി ന്യായ വ്യവസ്ഥയുടെ യശസ്സ് ഉയരുന്ന സന്ദർഭമാണിതെന്നും തന്നെ പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദിയുണ്ടെന്നും മഅദനി

Update: 2023-07-20 07:44 GMT
Advertising

തിരുവനന്തപുരം: സുപ്രിംകോടതി അനുമതി നൽകിയതോടെ പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിൽ തിരിച്ചെത്തി. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്. നേരത്തെ കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാനെത്തിയിരുന്നുവെങ്കിലും അസുഖം മൂലം സാധിച്ചിരുന്നില്ല. ഇന്ന് 11.30 ഓടെ ബംഗളുരുവിൽ നിന്ന് വിമാനമാർഗമാണ് മഅ്ദനി തിരുവനന്തപുരത്തെത്തിയത്. ഭാര്യ സൂഫിയ മഅദനിയും മകൻ സലാഹുദ്ദീൻ അയ്യൂബിയുമടക്കം 13 പേർ കൂടെയുണ്ട്. ഇനി റോഡുമാർഗം മഅ്ദനി അൻവാറുശ്ശേരിയിലേക്ക് പോകും. മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയർപോർട്ടിൽ പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രമാണ് സ്വീകരിച്ചത്. അൻവാർശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം അൻവാർശ്ശേരിയിൽ തുടരാനും ശേഷം ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

നീതി ന്യായ വ്യവസ്ഥയുടെ യശസ്സ് ഉയരുന്ന സന്ദർഭമാണിതെന്നും തന്നെ പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദിയുണ്ടെന്നും മഅദനി ബംഗളൂരുവിൽ വെച്ച് പറഞ്ഞു. ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇൻഫക്ഷൻ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദർശനം ഒഴിവാക്കി സഹകരിക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി എല്ലാവരോടും പി.ഡി.പി കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു. നീതിനിഷേധങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും നിരന്തരമായ വേട്ടയാടലുകളിൽ നിന്ന് അൽപമെങ്കിലും ആശ്വാസകരമായ സാഹചര്യം രൂപപ്പെടുന്നതിന് സഹായിച്ച പിന്തുണച്ച എല്ലാവരോടും പി.ഡി.പി കേന്ദ്രകമ്മിറ്റി നന്ദി അറിയിച്ചു.

PDP Chairman Abdulnazar Madani reached Kerala with the permission of the Supreme Court

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News