മഅ്ദനി ഇന്നും അൻവാർശേരിയിലേക്ക് പോകില്ല; ചികിത്സയിൽ തുടരും
രക്തസമ്മർദം ഉയർന്നുനിൽക്കുന്നതിനാലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടരുന്നത്
കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ഇന്നും കൊല്ലം അൻവാർശേരിയിലേക്ക് പോകില്ല. രക്തസമ്മർദം ഉയർന്നുനിൽക്കുന്നതിനാൽകൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടരും. വിദഗ്ധ പരിശോധനാഫലങ്ങൾ പുറത്ത് വന്നതിന് ശേഷമാണ് ഡോക്ടർമാർ ഇന്ന് യാത്ര ചെയ്യേണ്ടതില്ലെന്ന് മഅ്ദനിയോട് പറഞ്ഞത്.
തിങ്കളാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയശേഷം അൻവാർശേരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മഅ്ദനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് മഅ്ദനി ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. വൈകിട്ട് ഏഴരയോടെയാണ് മഅ്ദനി കൊച്ചിയിലെത്തിയത്. കൊച്ചിയിൽ എത്തിയപ്പോൾ തന്നെ ഏറെ ക്ഷീണിതനായിരുന്നു അദ്ദേഹം. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. യാത്രാമധ്യേ ആലുവയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
നെടുമ്പാശേരിയിൽ നിന്ന് അൻവാർശേരിയിലേക്ക് ആംബുലൻസിലാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. ഡോക്ടറും ഒരു ആരോഗ്യപ്രവർത്തകനും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ആംബുലൻസിൽ വെച്ച് അദ്ദേഹം ഛർദിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയത്.