മഅ്ദനിയെ കാൽ നൂറ്റാണ്ട് വിചാരണത്തടവിലാക്കിയത് ജനാധിപത്യ ഇന്ത്യക്ക് നാണക്കേട്: അഡ്വ. പി.വി. ശ്രീനിജൻ എം.എൽ.എ.

അന്യായമായി തടവറയിലടച്ചിടാൻ നിയമങ്ങളുടെ പിൻബലം പടച്ചുണ്ടാക്കുന്ന ഭരണകൂടനിലപാടുകൾ കാരണം നിയമ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Update: 2022-04-01 16:38 GMT
Advertising

കൊച്ചി: രാജ്യത്തെ പൗരനായ മഅ്ദനിക്ക് വിചാരണത്തടവുകാരനായി കാൽ നൂറ്റാണ്ടോളം കഴിയേണ്ടി വരുന്നത് ജനാധിപത്യ ഇന്ത്യക്ക് നാണക്കേടാണെന്ന് അഡ്വ. പി.വി. ശ്രീനിജൻ എം.എൽ.എ. 'മഅ്ദനി നാടുകടത്തലിന്റെ കാൽനൂറ്റാണ്ട്' എന്ന പ്രമേയത്തിൽ പി.ഡി.പി. എറണാകുളം കറുകപ്പിള്ളിയിൽ സംഘടിപ്പിച്ച പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ. വൈകിയെത്തുന്ന നീതി, നീതിനിഷേധമാണെന്ന നിയമവാക്യം മഅ്ദനി കേസിൽ ചോദ്യചിഹ്നമായി അവശേഷിക്കുകയാണെന്നും അന്യായമായി തടവറയിലടച്ചിടാൻ നിയമങ്ങളുടെ പിൻബലം പടച്ചുണ്ടാക്കുന്ന ഭരണകൂടനിലപാടുകൾ കാരണം നിയമ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഅ്ദനിയുടെ മേൽ ആരോപിക്കപ്പെട്ട ഏതെങ്കിലും കുറ്റകൃത്യങ്ങൾ രാജ്യത്തെ ഒരു കോടതിയിലും തെളിയിക്കപ്പെട്ടിട്ടില്ലെന്നും കൊടും കുറ്റവാളിയെന്ന് മുദ്രകുത്തി നാട് കടത്തപ്പെട്ടിട്ടും അദ്ദേഹത്തിൽ നിന്നോ അനുയായികളിൽ നിന്നോ ജനാധിപത്യ വിരുദ്ധമായതോ നിയമം കയ്യിലെടുക്കപ്പെടുന്നതോ ആയ ഒരു അനിഷ്ട സംഭവങ്ങളും രാജ്യത്തുണ്ടായിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി.

'മഅ്ദനിയുടെ തടവറ കേവലം ഒരു വ്യക്തിയുടെ പ്രശ്‌നമല്ല. രാജ്യത്തോട്ടാകെ ജനാധിപത്യ ധ്വംസനങ്ങൾ ഭരണകൂട പിന്തുണയോടെ അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ ശക്തമായ ചെറുത്ത് നിൽപ്പ് അനിവാര്യമായിട്ടുള്ള ഘട്ടമാണ് കടന്ന് പോകുന്നത്. ജനങ്ങളുടെ മതവും വിശ്വാസവും ആചാരങ്ങളും അസ്തിത്വവും സംഘ്പരിവാർ ചോദ്യം ചെയ്യുകയാണ്. കോർപ്പറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതുന്ന അവിശുദ്ധ കൂട്ടുകെട്ട് സൃഷ്ടിക്കപ്പെടുകയുമാണ്' അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല അധ്യക്ഷത വഹിച്ചു. കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ സി.എസ്. രാജേഷ്, നൗഫൽ ബാഖവി, പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. അലിയാർ, സെക്രട്ടറിയേറ്റ് അംഗം സുബൈർ വെട്ടിയാനിക്കൽ, ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ലാലുജോസ് കാച്ചപ്പിള്ളി, സലാം കരിമക്കാട്, മുഹമ്മദ് സുനീർ, ഹനീഫ നെടുംതോട്, സി.എസ്. ജമാൽ, ലത്തീഫ് പള്ളുരുത്തി, മുഹമ്മദ് ഇദ്‌രീസ് ഷാഫി, കെ.എ. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.


Full View

Madani's imprisonment for a quarter of a century is a disgrace to democratic India: Adv. P.V. Sreenijan MLA

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News