'കോടതിയിൽ വാപ്പച്ചിയുടെ ശബ്ദമാകും'- മഅ്ദനിയുടെ മകൻ ഇനി അഭിഭാഷകൻ
'കോടതി മുറികൾക്ക് പുറത്ത് നിൽകുമ്പോൾ വാപ്പയുടെ നിയമ പോരാട്ടങ്ങളുടെ ഭാഗമാകാൻ ഒരുപാട് ആഗ്രഹിച്ചതാണ്'
ഇനി ഉപ്പയുടെ നിയമപോരാട്ടങ്ങളുടെ ഭാഗമാകുമെന്ന് വിചാരണ തടവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദു നാസർ മഅ്ദനിയുടെ മകൻ സ്വലാഹുദ്ധീൻ അയ്യൂബി. കോടതി മുറികൾക്ക് പുറത്ത് നിൽകുമ്പോൾ വാപ്പയുടെ നിയമ പോരാട്ടങ്ങളുടെ ഭാഗമാകാൻ ഒരുപാട് ആഗ്രഹിച്ചതാണ്. ഇനി കോടതിയിൽ വാപ്പച്ചിയുടെ ശബ്ദമാകും. രാജ്യത്തെ നിയമത്തിലും കോടതിയിലും വിശ്വസമുണ്ടെന്നും അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷം സ്വലാഹുദ്ധീൻ മീഡിയവണിനോട് പറഞ്ഞു.
'കോടതി മുറികൾക്ക് പുറത്ത് നിൽക്കുമ്പോൾ വാപ്പയുടെ നിയമ പോരാട്ടങ്ങളുടെ ഭാഗമാകാൻ ഒരുപാട് ആഗ്രഹിച്ചതാണ്. ഇനി കോടതിക്കുള്ളിൽ വാപ്പച്ചിയുടെ ശബ്ദമായി നിൽക്കാൻ കഴിയും എന്നതാണ് സന്തോഷം. വാപ്പച്ചിയുടെ ആരോഗ്യാവസ്ഥ നിലവിൽ വളരെ മോശമാണ്. ജാമ്യത്തിൽ ഇളവ് ലഭിക്കാനായി സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് വാപ്പച്ചിയും ഉമ്മച്ചിയും കേസിൽ അകപ്പെട്ടിരിക്കുന്നവരാണ്. ഉമ്മയ്ക്ക് എറണാകുളമോ ബാപ്പയ്ക്ക് ബംഗളൂരുവോ വിട്ട് പോകാൻ കഴിയില്ല. സുപ്രിം കോടതിയുടെ കനിവുകൊണ്ട് മാത്രമാണ് ഇപ്പോൾ രണ്ടുപേർക്കും ഒരുമിച്ച് നിൽക്കാൻ കഴിയുന്നത്. അതിനാൽ ഈ രാജ്യത്തെ നിയമത്തിന്റെ വില എന്താണെന്ന് എനിക്കറിയാം'- സ്വലാഹുദ്ധീൻ പറഞ്ഞു.
ബംഗളൂരു സ്‌ഫോടന കേസിൽ ജാമ്യം ലഭിച്ചങ്കിലും വിചാരണ തടവിന് തുല്യമായാണ് അബ്ദുൽ നാസർ മദനി കഴിയുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ചികിത്സക്കായി നാട്ടിൽ പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി നിയമപോരാട്ടം നടത്തുന്ന വേളയിലാണ് മകൻ സലാഹുദ്ദീൻ അയ്യുബി അഭിഭാഷകനായി എൻറോൾ ചെയുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ മാതാവായ സൂഫിയ മദനിയും പങ്കെടുത്തു. മകന് അഭിഭാഷകാനയതിന്റെ അഭിമാനത്തിലാണ് സൂഫിയ മദനി.
തൃക്കാക്കര ഭാരത് മാത കോളേജിൽ നിന്നാണ് സലാഹുദ്ദിൻ അയ്യൂബി നിയമ ബിരുദം നേടിയത്. കേരളത്തിലെ ആദ്യ ട്രാൻസ് വനിത അഭിഭാഷക പത്മ ലക്ഷമി അടക്കം 1530 പേരാണ് ഇന്ന് അഭിഭാഷകരായി എൻറോൾ ചെയ്തത്. ബാർ കൗൺസിൽ അദ്ധ്യക്ഷൻ കെ.എൻ അനിൽ കുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കേരള ഹൈക്കോടതി ജസ്റ്റിസ് സി എസ് ഡിയസ് ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.