മധുകേസിൽ തുടക്കത്തിൽ സർക്കാറിന് സംഭവിച്ചത് വലിയ വീഴ്ച: നാല് തവണ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ മാറ്റി
പ്രോസിക്യൂട്ടർമാർക്ക് ശമ്പളം നൽകാത്തത് ഉൾപ്പെടെ വിവാദമായി. മധുവിന്റെ കുടുംബത്തിന് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന വിമർശനവും ഉയർന്നു.
പാലക്കാട്: മധു കേസിൽ വലിയ വീഴ്ചയാണ് സർക്കാറിന് തുടക്കത്തിൽ സംഭവിച്ചത്. നാല് തവണ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ മാറ്റേണ്ടി വന്നു . പ്രോസിക്യൂട്ടർമാർക്ക് ശമ്പളം നൽകാത്തത് ഉൾപ്പെടെ വിവാദമായി. മധുവിന്റെ കുടുംബത്തിന് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന വിമർശനവും ഉയർന്നു. ആദിവാസിയായ മധു കൊല്ലപെട്ടാലും പ്രശ്നമല്ലെന്ന മനോഭാവമാണ് കേസിന്റെ വിചാരണയിൽ ഉൾപ്പെടെ കണ്ടത്.
സാധാരണ ഒരു വ്യക്തി ക്രൂരമായി കൊല്ലപ്പെട്ടാല്‍ ചുറ്റുപാടിലും ഉള്ളവർ ആ കുടുംബത്തെ സംരക്ഷിക്കും. എന്നാൽ മധുവിന്റെ കുടുംബത്തെ പലരും ഒറ്റപെടുത്തുകയും , ഭീഷണിപെടുത്തുകയുമാണ് ചെയ്തത്.
മധു കേസിൽ ഏറെ വിവാദങ്ങൾക്ക് ശേഷമാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറായത്. പാലക്കാട്ടെ അഭിഭാഷകൻ ഗോപിനാഥനെയാണ് ആദ്യം സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. ശമ്പളവും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാൽ രാജിവെച്ചു. പിന്നീട് വി.ടി രഘുനാഥിനെ നിയമിച്ചു. ഇദ്ദേഹം തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി ജഡ്ജി രൂക്ഷമായി വിമർശിച്ചതോടെയാണ് സി.രാജേന്ദ്രനെ മധു കേസ് ഏൽപ്പിച്ചത് .
കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഇദ്ദേഹത്തെയും മാറ്റി. നാലാമത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണ് രാജേഷ് എം മേനോൻ. മധുവിന്റെ അമ്മയുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് രാജേഷ് എം മേനോന് സർക്കാർ പണം അനുവദിച്ച് നൽകാൻപോലും സർക്കാർ തയ്യാറായത്.