മധു കൊലപാതകം; കേസിന്‍റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷയിൽ സർക്കാർ തീരുമാനമെടുക്കുന്നതുവരെ കേസിന്‍റെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മധുവിന്‍റെ അമ്മ മല്ലി നല്‍കിയ ഹരജിയിലാണ് കോടതി നടപടി
കൊച്ചി: ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷയിൽ സർക്കാർ തീരുമാനമെടുക്കുന്നതുവരെ കേസിന്‍റെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മധുവിന്‍റെ അമ്മ മല്ലി നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
പത്ത് ദിവസത്തിന് ശേഷം ഹരജി വീണ്ടും പരിഗണിക്കും. സ്പെഷ്യൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രനെ മാറ്റി അസി. സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ്. എം. മേനോനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മല്ലി ജൂൺ 12 ന് സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇതിൽ തീരുമാനം വരുന്നതുവരെ പാലക്കാട് മണ്ണാർക്കാട് സ്പെഷ്യൽ കോടതിയിൽ നടന്നു വരുന്ന കേസിന്‍റെ വിചാരണ നിറുത്തിവെക്കണമെന്നും വിചാരണ തുടർന്നാൽ തനിക്കു നീതി ലഭിക്കില്ലെന്നും മല്ലി നൽകിയ ഹർജിയിൽ പറയുന്നു.
കേസിൽ സാക്ഷികൾ പലരും ഇതിനോടകം കൂറുമാറിയെന്നും കൂടുതൽ സാക്ഷികൾ കൂറുമാറാൻ സാധ്യതയുണ്ടെന്നും മധുവിന്‍റെ കുടുംബം പറഞ്ഞു. പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവർ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.