മധു വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ ഫീസ് നൽകുന്നില്ലെന്ന് പരാതി
ഫീസ് നൽകുന്നത് വൈകിയാൽ നേരത്തെ അഭിഭാഷകൻ പിൻവാങ്ങിയ സംഭവം ആവർത്തിക്കുമോ എന്ന് ഭയമുണ്ടെന്ന് മധുവിന്റെ അമ്മ
അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോന് സർക്കാർ ഫീസ് നൽകുന്നില്ലെന്ന പരാതിയുമായി മധുവിന്റെ അമ്മ. പണം നൽകുന്നത് വൈകിയാൽ നേരത്തെ അഭിഭാഷകൻ പിൻവാങ്ങിയത് ആവർത്തിക്കുമോ എന്ന് ഭയമുണ്ടെന്ന് മധുവിന്റെ അമ്മ പറഞ്ഞു. മന്ത്രി കൃഷ്ണൻകുട്ടിയെ നേരിട്ട് കണ്ടു കുടുംബം ഇക്കാര്യം പരാതിയായി അറിയിച്ചു.
മധു കൊലക്കേസിൽ തുടർകൂറുമാറ്റം തുടരുകയാണ്. പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നതിന്‍റെ തെളിവുകൾ പുറത്തുവന്നു. മധുവിന്റെ കുടുംബവും ഭീഷണി നേരിടുന്നു. അതിനിടയിൽ വിചാരണ തുടരുമ്പോഴാണ് അഭിഭാഷകന് പണം നൽകുന്നില്ലെന്ന് മധുവിന്‍റെ അമ്മയുടെ പരാതി.
ഫീസ് കൃത്യമായി ലഭിക്കാത്തതിനാൽ ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നേരത്തെ മധു കേസിൽ നിന്നും പിൻവാങ്ങിയിരുന്നു. സമാന അനുഭവം വീണ്ടും നേരിടേണ്ടിവരുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി. കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ മണ്ണാർക്കാട് എസ്‍സി എസ്ടി കോടതി നാളെ വിധി പറയും.