സിദ്ധാർഥന്റെ മരണം: മുഖ്യപ്രതി സിൻജോ പിടിയിൽ
മുതിർന്ന വിദ്യാർത്ഥിയായ സിൻജോ സിദ്ധാർഥനെ ക്രൂരമായി മർദിച്ചിരുന്നതായി അച്ഛൻ ആരോപിച്ചിരുന്നു
കൊല്ലം: പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥന്‍ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സിൻജോ ജോൺസൻ പിടിയിൽ. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്ന് ഇന്നു പുലർച്ചെയാണ് ഇയാളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിൻജോ. സിദ്ധാർഥനെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നതായി ബന്ധുക്കൾ ഉൾപ്പെടെ ആരോപിച്ചിരുന്നു.
സംഭവത്തിൽ സിൻജോ ഉൾപ്പെടെ നാലുപേർക്കെതിരെ അന്വേഷണസംഘം നേരത്തെ ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. സിൻജോയ്ക്കു പുറമെ സൗദ് റിസാൽ, കാശിനാഥൻ, അജയ്കുമാർ എന്നിവർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്. സംഭവത്തിൽ ഏഴുപേർ ഒളിവിൽ തുടരുകയാണ്.
സംഭവത്തിൽ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികൾ ഉൾപ്പെടെ പത്തുപേർ അറസ്റ്റിലായിട്ടുണ്ട്. ഒരാൾ പൊലീസ് കസ്റ്റഡിയിലുമുണ്ട്. കേസിൽ ഉൾപ്പെട്ട 31 വിദ്യാർഥികൾക്ക് പഠനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോളജ് ഹോസ്റ്റലിൽനിന്ന് ഉൾപ്പെടെ പുറത്താക്കാനും ആന്റി റാഗിങ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, സിദ്ധാർഥനെതിരെ പെൺകുട്ടി നൽകിയെന്നു പറയുന്ന പരാതിയിൽ ദുരൂഹത ഉയരുന്നുണ്ട്. പെൺകുട്ടിയുടെ പേരിൽ കോളജിൽ പരാതി എത്തിയത് സിദ്ധാർഥന്‍ മരിച്ച ദിവസമാണ്. പരാതി ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് നൽകിയത് ഈ മാസം 20നുമായിരുന്നു.
ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനുശേഷം 20നും 26നും ഇന്റേണൽ കമ്മിറ്റി ചേർന്നിരുന്നു. പെൺകുട്ടിയെ നിർബന്ധിച്ചു പരാതി നൽകിയതാണെന്ന് ആരോപണം ഉയരുന്നുണ്ട്. മോശമായി പെരുമാറിയെന്നാണു പരാതിയുള്ളത്.
Summary: Sinjo Johnson, the main accused in the case of Siddharthan's death at Pookode Veterinary College, has been arrested