അറ്റകുറ്റപ്പണി: ജനശതാബ്തിയുള്‍പ്പെടെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി
അതേസമയം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്
തിരുവനന്തപുരം: തൃശൂർ പുതുക്കാട് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിരവധി ട്രെയിനുകൾ റദ്ദാക്കി. ഇന്നും നാളെയുമാണ് നിയന്ത്രണം. ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂർ ജനശതാബ്തി റദ്ദാക്കി. വൈകിട്ട് 5.35നുള്ള എറണാകുളം - ഷൊർണൂർ മെമു, രാത്രി 7.40നുള്ള എറണാകുളം-ഗുരുവായൂർ എക്‌സ്പ്രസ് എന്നിവയും റദ്ദാക്കി.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നുള്ള കണ്ണൂർ ജനശതാബ്തിയും സർവീസ് നടത്തില്ല. ചെന്നൈയിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം മെയിൽ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. നാളത്തെ തിരുവനന്തപുരം-ചെന്നൈ മെയിൽ തൃശൂരിൽ നിന്ന് രാത്രി 8.43ന് പുറപ്പെടും. നാളത്തെ കണ്ണൂർ എറണാകുളം എക്‌സ്പ്രസ് തൃശൂർ വരെയായിരിക്കും സര്‍വീസ് നടത്തുക.
തൃശ്ശൂര്‍ പുതുക്കാട് പാളങ്ങള്‍ ബലപ്പെടുത്തുന്ന അറ്റകുറ്റ പണികളാണ് നടത്തുന്നത്. അതിന്‍റെ ഭാഗമായാണ് ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.