മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ വേണം സ്ഥിരമായ അധിക ബാച്ചുകള്‍
ഓരോ വർഷവും സീറ്റ് വർധിപ്പിച്ചുകൊണ്ടുള്ള നടപടികള്‍ പ്രശ്നം പരിഹരിക്കില്ലെന്ന് വിദ്യാഭ്യാസ പ്രവർത്തകർ
കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കണമെങ്കില്‍ അനുവദിക്കേണ്ടത് സ്ഥിരമായ അധിക ബാച്ചുകള്‍. ഓരോ വർഷവും സീറ്റ് വർധിപ്പിച്ചുകൊണ്ടുള്ള നടപടികള്‍ പ്രശ്നം പരിഹരിക്കില്ലെന്നും വിദ്യാഭ്യാസ പ്രവർത്തകർ പറയുന്നു. ക്ലാസുകളിലെ വിദ്യാർഥികളുടെ എണ്ണം വർധിച്ചാല്‍ പഠന നിലവാരം കുറയുമെന്നും വിമർശനമുണ്ട്.
സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാനായി വിദ്യാഭ്യാസ മന്ത്രി മുന്നോട്ടുവെക്കുന്നത് അധിക സീറ്റ് അനുവദിക്കാമെന്ന വാഗ്ദാനമാണ്. എന്നാല്‍ ഇത് പ്രശ്ന പരിഹാരമാകില്ല. മെരിറ്റ് സീറ്റിന്റെ എണ്ണം പരിഗണിച്ചാല്‍ ഈ വർഷം മലപ്പുറം ജില്ലയില്‍ മാത്രം മുപ്പതിനായിത്തോളം സീറ്റുകളുടെ കുറവു വരും. പാലക്കാടും കോഴിക്കോടും പതിനായിരത്തോളം സീറ്റുകളുടെ കുറവുണ്ട്. ഓരോ വർഷവും ഉണ്ടാകുന്ന ഈ പ്രശ്നം പരിഹരിക്കാനുള്ള ഏക വഴി മലബാർ ജില്ലകളില്‍ സ്ഥിരമായ അധിക ബാച്ചുകള്‍ അനുവദിക്കല്‍ മാത്രമാണ്.
സീറ്റ് അനുവദിക്കല്‍ വൈകുന്തോറും വിദ്യാർഥികള്‍ സ്വകാര്യ സ്ഥാപനങ്ങളെയും ഓപണ്‍ സ്കൂളിനെയും ആശ്രയിക്കേണ്ടിവരുന്നു. എല്ലാ വർഷവുമുണ്ടാകുന്ന അനിശ്ചിതത്വം മേഖലയിലെ വിദ്യാഭ്യാസ നിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.